കൂപ്പുകുത്തി സ്വര്‍ണവില ; വീണ്ടും ഇടിവ്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
സംസ്ഥാനത്ത് സ്വർണവില താഴേക്ക് തന്നെ. ഇന്നലെ തുടർച്ചയായി രണ്ടുതവണ ഇടിഞ്ഞതിന് പിന്നാലെ ഇന്നും വില കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവൻ വില 1,09,120 രൂപയിലേക്കും ഗ്രാമിന് 13,640 രൂപയിലേക്കും താഴ്ന്നു.
ഇന്നലെ മാത്രം പവന് 2,640 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. രാവിലെ പവന് 1,840 രൂപയും ഉച്ചയ്ക്ക് ശേഷം 800 രൂപയും കുറഞ്ഞ് വ്യാപാരം 1,09,320 രൂപയിലായിരുന്നു (ഗ്രാമിന് 13,665 രൂപ) അവസാനിച്ചത്.
ഈ വർഷം ജനുവരി 29-നാണ് കേരളത്തില്‍ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിലെത്തിയത്. അവിടെ നിന്ന് എട്ട് മാസത്തിനുള്ളില്‍ 22,040 രൂപയാണ് പവന് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലും സമാനമായ തിരിച്ചടിയാണ് കാണുന്നത്. ജനുവരി 29-ന് ഔണ്‍സിന് 5,594.82 ഡോളർ വരെ ഉയർന്ന സ്വർണവില, ഇപ്പോള്‍ 4,128.88 ഡോളറിലേക്ക് കൂപ്പുകുത്തി. റെക്കോർഡ് നിരക്കില്‍ നിന്ന് 1,465.94 ഡോളറിന്റെ (25 ശതമാനത്തിലധികം) കുറവാണ് അന്താരാഷ്ട്ര വിപണിയിലുണ്ടായത്. വില 4,100 ഡോളർ വരെ താഴാമെന്നും തുടർന്ന് തിരിച്ചു കയറാൻ സാധ്യതയുണ്ടെന്നുമാണ് വിപണി സൂചനകള്‍.
വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങള്‍
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയില്‍ വില ഉയർന്നത് പണപ്പെരുപ്പ സമ്മർദം വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർന്ന നിലയില്‍ നിലനിർത്തുമെന്ന സൂചന സ്വർണത്തിന്റെ ആകർഷണീയത കുറച്ചു. യു.എസ് ഡോളറിന്റെ കരുത്ത്, ബോണ്ട് യീല്‍ഡിലെ മാറ്റങ്ങള്‍, നിക്ഷേപകർ ലാഭമെടുപ്പിലേക്ക് കടന്നത്, ഓഹരി വിപണി സജീവമായത് എന്നിവയും വില കുറയാൻ കാരണമായി. അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന അമേരിക്കയിലെ പണപ്പെരുപ്പ, തൊഴില്‍ കണക്കുകള്‍ ഇനി വരുന്ന ദിവസങ്ങളിലെ സ്വർണവിലയുടെ ദിശ നിശ്ചയിക്കുന്നതില്‍ നിർണായകമാകും.
