September 26, 2026

30 കോടി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ; ഏതെങ്കിലും സമ്മാനം അടിച്ചാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

Share

 

തിരുവോണം ബമ്പര്‍ ഭാഗ്യവാന്‍ ആരെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് ഒന്നരമണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

 

സംസ്ഥാന ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്.

 

അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. കേരള ലോട്ടറി ഏജന്‍സികളിലും ടിക്കറ്റ് സ്റ്റോക്ക് ഔട്ട് ആയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് മാത്രം 20 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. ടിക്കറ്റ് വിപണിയില്‍ തൃശൂര്‍ ജില്ലാ രണ്ടാംസ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഏറ്റവും കുറവ് വില്‍പ്പന നടന്നത് കാസര്‍ഗോഡ് ജില്ലയിലാണ്.

 

30 കോടി തിരുവോണം ബമ്പർ കേരള ഭാഗ്യക്കുറിയില്‍ 30 കോടി മുതല്‍ 500 രൂപ വരെയായി 5,34,470 പേർക്ക് സമ്മാനം ലഭിക്കും. 125 .54 കോടി രൂപയാണ് ആകെ സമ്മാന തുക. ഏതെങ്കിലും സമ്മാനം അടിച്ചാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും.

 

10,000 രൂപയ്ക്കു മുകളിലുള്ള എല്ലാ സമ്മാനത്തിനും ഏജന്റ് കമ്മീഷനായ 10% കുറച്ച ശേഷമുള്ള തുകയുടെ 30% ഇൻകം ടാക്സ് ഈടാക്കുന്നതാണ്.

ഇൻകം ടാക്സ് കുറച്ച ശേഷമുള്ള തുകയാണ് ലഭിക്കുക.

10,000 രൂപയ്ക്കു മുകളില്‍ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ ആധാർ കാർഡ്, പാൻ കാർഡ് (ഇവ ലിങ്ക് ചെയ്തിരിക്കണം ) ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം അറ്റസ്‌റ്റുചെയ്ത കോപ്പിയും ഫോട്ടോയും സഹിതം തിരുവനന്തപുരം വികാസ് ഭവനില്‍ പ്രവർത്തിക്കുന്ന ഭാഗ്യക്കുറി ഡയറക്‌ട്രേറ്റ് സമ്മനവിഭാഗത്തില്‍ 90 ദിവസത്തിനകം സമർപ്പിക്കണം .

പതിനായിരം രൂപയില്‍ താഴെ സമ്മാനതുക ലഭിച്ച ടിക്കറ്റുകള്‍ അതത് ജില്ലാ ഭാഗ്യക്കുറി ഓഫീസിലാണ് സമർപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.statelottery.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

നറുക്കെടുപ്പിനു ശേഷം സമ്മാനം ലഭിച്ചു എന്ന പേരില്‍ രജിസ്ട്രേഷന്‍ ഫീ, പ്രോസസ്സിംഗ് ഫീ, ജി എസ് ടി, ടാക്‌സ് , സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി ഫോണ്‍ മുഖേനയോ കത്തിലൂടെയോ പണം നല്‍കുകയോ ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ ടി പി , യുപിഐ പിന്‍ , ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുതെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. അറിയിച്ചു.

 

സമ്മാനഘടന

 

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്

നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്

ആറാം സമ്മാനം: 5,000 രൂപ വീതം 54,000 പേർക്ക്

ഏഴാം സമ്മാനം: 2,000 രൂപ വീതം 81,000 പേർക്ക്

എട്ടാം സമ്മാനം: 1,000 രൂപ വീതം 1,24,200 പേർക്ക്

ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്

സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്

 


Share
Copyright © All rights reserved. | Newsphere by AF themes.