പരിധി കഴിഞ്ഞ് പുതിയ സിം എടുത്താല്‍ ഇനി ഫോട്ടോ നോക്കി ബ്ലോക്ക് ചെയ്യും ; സിം കാര്‍ഡ് വിതരണം കര്‍ശനമാക്കാൻ പുതിയ പരിശോധനാ സംവിധാനം
ഡല്‍ഹി : ഇന്ത്യയില്‍ സിം കാർഡ് വിതരണം കർശനമാക്കാൻ പുതിയ പരിശോധനാ സംവിധാനം വരുന്നു. നിശ്ചിത പരിധിയില്‍ കവിഞ്ഞ് കൂടുതല്‍ സിം കാർഡ് സ്വന്തമാക്കുന്നവരെ തിരിച്ചറിഞ്ഞ്, പുതിയ സിം കണക്ഷൻ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
നിയമപരമായി അനുവദിച്ചിട്ടുള്ള പരമാവധി സിം കാർഡുകള്‍ സ്വന്തമാക്കിയവരുടെ ചിത്രം സർക്കാർ ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമില്‍ (DIP) അപ്‌ലോഡ് ചെയ്യും. സ്വന്തം പേരില്‍ രജിസ്റ്റർ ചെയ്ത പരമാവധി സിം കാർഡുകള്‍ ഉള്ള വ്യക്തിക്ക് പുതിയ സിം കാർഡ് നല്‍കുന്നില്ലെന്ന് ഉറപ്പാക്കാൻ ജിയോ, എയർടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നീ ടെലിക്കോം കമ്പനികള്‍ DIP-യില്‍ നിന്നുള്ള ഡാറ്റ ഉപയോഗിക്കണം എന്നാണ് പുതിയ നിർദേശം.
നിലവിലുള്ള നിയമപ്രകാരം ഇന്ത്യയില്‍ ഒരു പൗരന് സ്വന്തം തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സ്വന്തമാക്കാനാകുന്ന സിം കാർഡുകളുടെ എണ്ണം 9 ആണ്. അതേസമയം, ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ പ്രദേശങ്ങള്‍ തുടങ്ങിയ ചില സർക്കിളുകളില്‍ സിം പരിധി 6 സിം കാർഡുകള്‍ മാത്രമാണ്.
പുതിയ പരിശോധനാ രീതി
നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സിം സ്വന്തമാക്കുന്നവരെ കണ്ടെത്താൻ നിലവില്‍ ടെലിക്കോം കമ്പനികള്‍ക്ക് മാർഗങ്ങളില്ല. എന്നാല്‍ ഇനി 9 സിമ്മുകള്‍ ഉള്ളവരുടെ വിവരങ്ങളും മുഖവും ഡിഐപി (DIP) പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനാല്‍ ഈ ഡാറ്റ ഉപയോഗിച്ച് ടെലിക്കോം കമ്പനികള്‍ക്ക് ഒരാള്‍ അനധികൃതമായി കൂടുതല്‍ സിം സ്വന്തമാക്കുന്നത് തടയാനാകും.ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ഡാറ്റ ടെലിക്കോം കമ്പനികള്‍ക്ക് ഓഗസ്റ്റ് 23 മുതല്‍ ലഭ്യമാകുമെന്നാണ് ഡിഒടി പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നത്. ഉപയോക്താവിന് പത്താമത്തെ സിം അല്ലെങ്കില്‍ 9 ല്‍ കൂടുതല്‍ സിമ്മുകള്‍ ഉണ്ടെങ്കില്‍, ആദ്യത്തെ ഒമ്പത് സിം കാർഡുകള്‍ക്ക് ശേഷം നല്‍കുന്ന എല്ലാ സിമ്മുകളും സർക്കാർ ഈ ഡാറ്റ അടിസ്ഥാനമാക്കി ബ്ലോക്ക് ചെയ്യും.
ചുരുക്കിപ്പറഞ്ഞാല്‍ ഇതിനകം 9 സിം എടുത്ത ഒരാളുടെ മുഖം സർക്കാരിന്റെ ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്ഫോമില്‍ ഇടംപിടിച്ചിട്ടുണ്ടാകും, അയാള്‍ പത്താമത്തെ സിം എടുക്കാൻ ശ്രമിച്ചാല്‍ DIP പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കി അയാള്‍ക്ക് പുതിയ സിം കിട്ടുന്നത് തടയപ്പെടും. രാജ്യത്ത് വ്യാജ സിം കാർഡുകള്‍ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകള്‍ക്ക് തടയിടാനാണ് സിം പരിധി നിയമം കർശനമാക്കുന്നത്.
അടുത്ത ഘട്ടമായി പുതിയ സിം കാർഡുകള്‍ നല്‍കുന്ന സമയത്തുതന്നെ (Real-time) ഉപയോക്താവിന് സിം പരിധി കഴിഞ്ഞോ എന്ന് പരിശോധിച്ച് സിം നിഷേധിക്കുന്ന സംവിധാനം കൊണ്ടുവരാൻ ടെലികോം കമ്പനികള്‍ക്ക് DoT നിർദേശം നല്‍കിയിട്ടുണ്ട്. നവംബർ 30 ആകുമ്പോഴേക്കും ഈ രീതി നടപ്പിലാക്കാനാണ് ശ്രമം.
സ്വന്തം പേരില്‍ എത്ര സിം കാർഡുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാനും, അജ്ഞാതമായ നമ്പറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോർട്ട് ചെയ്യാനും ടെലിക്കോം ഉപയോക്താക്കള്‍ക്ക് നിലവില്‍ അവസരമുണ്ട്. അതിനായി
സർക്കാരിന്റെ ‘സഞ്ചാർ സാഥി’ (Sanchar Saathi) പോർട്ടല്‍ ഉപയോഗിക്കാവുന്നതാണ്.
