August 16, 2026

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

Share

 

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട്, വടകര, പറയുള്ളതിൽ വീട്ടിൽ ലത സുനിൽ(59)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതി പ്രകാരമാണ് നടപടി. യുവാവിന് പരിചയമുള്ള 21 പേരടക്കം ആകെ 51 ആളുകളെ ഒമാനിലെ അൽ ഐൻ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാം എന്ന പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ലക്ഷങ്ങൾ തട്ടിയെടുത്തത്. തുടർന്ന്, വിദേശത്തേക്ക് മുങ്ങിയ ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. മസ്കറ്റിൽ നിന്നുള്ള ഫ്ലൈറ്റിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വെള്ളിയാഴ്ച ഇവർ പിടിയിലാകുന്നത്.

 

2025 ജനുവരിയിലാണ്, ജോലി വാഗ്ദാനം ചെയ്ത് ആറാട്ടുതറ സ്വദേശിയിൽ നിന്ന് 65000 രൂപ കൈക്കലാക്കിയത്. മറ്റുള്ളവരിൽ നിന്ന് പല ദിവസങ്ങളിലായി 75000 രൂപ വീതവും ബാങ്ക് അക്കൌണ്ടിലൂടെ കൈക്കലാക്കി. 70000- രൂപ മാസ ശമ്പളത്തിൽ ഒമാനിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്ത് വിസക്കുള്ള ചെലവ് എന്ന രീതിയിലാണ് പണം കൈക്കലാക്കിയത്. എന്നാൽ, പിന്നീട് വിസയോ പണമോ നൽകാത്തതിനാൽ തട്ടിപ്പ് മനസിലാക്കി മാർച്ചിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൃത്യമായ അന്വേഷണം നടത്തി. ലത നൽകിയ മേൽ വിലാസത്തിൽ 10 വർഷമായി താമസമില്ലന്ന് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നതായി മനസിലാക്കുകയും ചെയ്തു. തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു.

 

നിരവധി പേർ ഇവരുടെ തട്ടിപ്പിൽ പെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്. ചതി മനസിലാകാതെ ഇപ്പോഴും വിസ ലഭിക്കുമെന്ന വിശ്വാസത്തിൽ നിരവധിയാളുകൾ കാത്തിരിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. എസ് ഐമാരായ കെ.സിൻഷ, പി.ജെ. റെജി, എ എസ് ഐ സി.വി. ഗീത, എസ് സി പി ഒ റയീസ്, ഡ്രൈവർ എസ് സി പി ഒ ടൈറ്റസ് എന്നിവരടുങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


Share
Copyright © All rights reserved. | Newsphere by AF themes.