July 14, 2026

മാനന്തവാടി നഗരത്തില്‍ ഹോട്ടലുകളിലെ ചായ, ചെറുകടികൾ വില ഏകീകരിക്കാൻ തീരുമാനം

Share

 

മാനന്തവാടി നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ബേക്കറികൾ, ചായ കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായക്കും ചെറുകടികൾക്കും 12 രൂപ ഈടാക്കാൻ തീരുമാനം. വില ഏകീകരണം ഇന്ന് (ജുലൈ 15) മുതൽ നടപ്പിൽ വരുമെന്ന് നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. നഗരസഭ ആരോഗ്യ വകുപ്പിന് ലഭിച്ച വ്യാപക പരാതികളെ തുടർന്നും ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭ വിളിച്ചുചേര്‍ത്ത ഹോട്ടൽ, റസ്റ്റോറൻ്റ് ഉടമകൾ, വഴിയോര തട്ടുകട കച്ചവടക്കാർ, ബേക്കറി ഉടമകൾ എന്നിവരുടെ സംയുക്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. സ്ഥാപനങ്ങളിൽ ശുദ്ധജലം ഉപയോഗിക്കാനും വലിയ സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ അടുക്കളയിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാനും ശുചിത്വം പൂർണ്ണമായി പാലിക്കാനും തീരുമാനിച്ചു. പഴകിയ ദക്ഷണ സാധനങ്ങൾ പിടികൂടുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ പിഴ ചുമത്തുകയും വീണ്ടും പിടികൂടിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഹോട്ടൽ മേഖല അടച്ച് പൂട്ടൽ ഭീഷണിയിലാണെന്നും വില ഏകീകരണം നഗരസഭയുടെ ആവശ്യപ്രകാരം താത്ക്കാലികമായി നടപ്പിലാക്കുമെന്നും തീരുമാനം പുനപരിശോധിക്കാൻ നഗരസഭ തയ്യാറാകണമെന്നും ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

 

നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൻ അഡ്വ: സിന്തു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലേഖാ രാജീവൻ, പി.വി ജോർജ്, പി വി എസ് മൂസ, ഷീജ ഫ്രാൻസിസ്, കൗൺസിലർമാരായ വി യു ജോയ്, പി കെ ഹംസ, സജ്ന, ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു മന്ന, യൂണിറ്റ് പ്രസിഡന്‍റ് അബ്ദുൽ ഗഫൂർ, വഴിയോര തട്ടുകട തൊഴിലാളി ഫെഡറേഷൻ പ്രതിനിധികളായ വി ഷറഫുദ്ദീൻ, കേളോത്ത് നവാസ്, ക്ളിൻ സിറ്റി മാനേജർ ഇൻ ചാർജ് എസ് ഷൈജു എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

 


Share
Copyright © All rights reserved. | Newsphere by AF themes.