July 8, 2026

കള്ളാടി മണ്ണിടിച്ചില്‍ : ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ, തിരച്ചില്‍ തുടരുന്നു

Share

 

മേപ്പാടി : കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ അഞ്ചുപേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. വിക്രം റാണ (കണ്‍സ്ട്രക്ഷന്‍ മാനേജര്‍) ഹിമാചല്‍ പ്രദേശ്,

രാഹുല്‍ (എഞ്ചിനീയര്‍) ഹിമാചല്‍ പ്രദേശ്, മുഹമ്മദ് ഇംറാന്‍ (എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍) ബീഹാര്‍, രാകേഷ് ഗുച്ചെത് (സര്‍വേയര്‍) പശ്ചിമബംഗാള്‍, അസ്ഹറുദ്ദീന്‍ അന്‍സാരി (സര്‍വേയര്‍) ഉത്തര്‍പ്രദേശ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

 

നിലവില്‍ പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമുള്ള പരിശോധനയ്ക്കായി ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

 

മണ്ണിടിഞ്ഞ് പൂര്‍ണമായും ഗതാഗതം തടസപ്പെട്ടിരുന്ന 200 മീറ്ററോളം വരുന്ന റോഡ് 12 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൂര്‍ണമായും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. റോഡിനിരുവശങ്ങളിലും പുഴയുടെ ഭാഗത്തേക്കും ഒലിച്ചിറങ്ങിയ മണ്‍കൂനകള്‍ക്കിടയിലാണ് ഇനി പ്രധാനമായും തിരച്ചില്‍ നടത്താനുള്ളത്. ഇതിനായി മനുഷ്യസാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ഡിറ്റക്ടറുകളും കെഡാവര്‍ നായ്ക്കളെയും ഉള്‍പ്പെടുത്തിയുള്ള പരിശോധനയാണ് നടക്കുന്നത്.

 


Share
Copyright © All rights reserved. | Newsphere by AF themes.