July 8, 2026

അര്‍ജന്റീനയെ ജയിപ്പിക്കാൻ റഫറി കള്ളക്കളി കളിച്ചു ; പൊട്ടിത്തെറിച്ച്‌ ഈജിപ്ത് താരം മൊസ്തഫ സിക്കോ, ഫുട്ബോള്‍ ആരാധകരും രംഗത്ത്

Share

 

മെക്സിക്കോ സിറ്റി : ലോകകപ്പ് പ്രീ-ക്വാർട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കെതിരെയും റഫറിയിങ്ങിനെതിരെയും കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് താരം മൊസ്തഫ സിക്കോ.

ടൂർണമെന്റില്‍ വൻ കൃത്രിമം നടക്കുന്നുണ്ടെന്നും അർജന്റീനയെ ജയിപ്പിക്കാൻ റഫറി ബോധപൂർവ്വം കളിച്ചുവെന്നുമാണ് ഈജിപ്ഷ്യൻ വിങ്ങറുടെ ആരോപണം. മത്സരത്തില്‍ ഈജിപ്തിന്റെ മൂന്നാം ഗോള്‍ റഫറി വിവാദപരമായി നിഷേധിച്ചതിനെ ചൊല്ലിയാണ് താരം പൊട്ടിത്തെറിച്ചത്.

 

ആവേശകരമായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് അർജന്റീനയോട് തോറ്റത്. വെറും 11 മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചായിരുന്നു അർജന്റീനയുടെ നാടകീയ ജയം.

 

വിവാദമായി റഫറിയുടെ തീരുമാനം

 

മത്സരത്തില്‍ 1-0 ന് ഈജിപ്ത് മുന്നിട്ടു നില്‍ക്കുന്നതിനിടെ 60-ാം മിനിറ്റിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മൊസ്തഫ സിക്കോ അർജന്റീനൻ വല കുലുക്കിയെങ്കിലും റഫറി വി.എ.ആർ (VAR) പരിശോധനയ്ക്ക് ശേഷം ഗോള്‍ നിഷേധിച്ചു. പന്ത് വലയിലെത്തുന്നതിന് തൊട്ടുമുമ്പ്, ഏതാണ്ട് 70 യാർഡ് അകലെ വെച്ച്‌ നടന്ന ഒരു ഫൗള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റഫറിയുടെ ഈ തീരുമാനം. ഇതാണ് ഈജിപ്ത് ക്യാമ്പിനെ ചൊടിപ്പിച്ചത്.

മത്സരശേഷം വികാരാധീനനായി സംസാരിച്ച സിക്കോ ഫിഫയുടെ കള്ളക്കളിയാണ് ടൂർണമെന്റിലുടനീളം നടക്കുന്നതെന്ന് ആരോപിച്ചു.

 

“റഫറി ഒട്ടും നീതി പുലർത്തിയില്ല. ഇത് വ്യക്തമായ അനീതിയാണ്. ഒരു രാജ്യത്തിന്റെ മുഴുവൻ കഠിനാധ്വാനമാണ് അദ്ദേഹം ഇല്ലാതാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ റഫറി ഞങ്ങള്‍ക്ക് എതിരായിരുന്നു. ഇതൊരു മുൻകൂട്ടി നിശ്ചയിച്ച (Fixed) ടൂർണമെന്റാണ്. അർജന്റീനയെപ്പോലൊരു വൻശക്തിക്കെതിരെ ഞങ്ങള്‍ 2-0 ന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താല്പര്യമില്ലായിരുന്നു. എല്ലാത്തിനും മുകളില്‍ അല്ലാഹുവുണ്ട്, അവൻ കാര്യങ്ങള്‍ നോക്കിക്കൊള്ളും.”

 

‘അർജന്റീനയ്ക്ക് മുൻകൂട്ടി അഭിനന്ദനങ്ങള്‍’

 

ഈജിപ്ഷ്യൻ ആരാധകരോട് താരം ക്ഷമാപണം നടത്തുകയും ചെയ്തു. അട്ടിമറി ജയം കാത്തിരുന്ന ആരാധകരെ നിരാശരാക്കേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ തങ്ങളുടെ കൈകളിലായിരുന്നില്ലെന്നും സിക്കോ പറഞ്ഞു. അഭിമുഖം അവസാനിപ്പിക്കുന്നതിനിടെ കടുത്ത പരിഹാസത്തോടെയാണ് താരം മൈക്ക് ഒഴിഞ്ഞത്.

“എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോള്‍ത്തന്നെ എന്റെ അഭിനന്ദനങ്ങള്‍. അവർക്ക് കപ്പ് കൊടുക്കൂ, ഞങ്ങള്‍ക്ക് ഇനി ഒന്നും പറയാനില്ല,” സിക്കോ തുറന്നടിച്ചു.

 

മെസ്സിയെ നിലനിർത്താൻ ഫിഫയുടെ മാർക്കറ്റിംഗ് തന്ത്രം: കോച്ച്‌ ഹൊസം ഹസ്സൻ

 

സിക്കോയ്ക്ക് പിന്നാലെ ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസം ഹസ്സനും ഫിഫയ്ക്കെതിരെ രംഗത്തെത്തി. ലയണല്‍ മെസ്സിയെയും അർജന്റീനയെയും ടൂർണമെന്റില്‍ നിലനിർത്തേണ്ടത് ഫിഫയുടെ സാമ്പത്തിക-മാർക്കറ്റിംഗ് ആവശ്യമാണെന്നും, അതുകൊണ്ടാണ് ഈജിപ്തിനെപ്പോലെയുള്ള രാജ്യങ്ങളെ റഫറിമാർ ഒതുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തോല്‍വിയിലും തലയുയർത്തിയാണ് ഈജിപ്ത് മടങ്ങുന്നതെന്നും കളിയിലെ യഥാർത്ഥ വിജയികള്‍ തങ്ങളാണെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

 

ഈജിപ്തിനെ റഫറിയും വാറുംചേർന്ന് ‘കൊള്ളയടിക്കുകയായിരുന്നു’ എന്ന ആരോപണവുമായി ആരാധകരും മുൻ താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും രംഗത്തെത്തി. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് അനുകൂലമായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയർക്കും എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.

 

ഈജിപ്ത് കോച്ച്‌ ഹൊസാം ഹസനും ഫോർവേഡ് മുസ്തഫ സിക്കോയും മത്സരശേഷം റഫറിയിംഗിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫുട്ബോള്‍ ആരാധകരും വീഡിയോ തെളിവുകള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയത്. മത്സരത്തിന്‍റെ ഫലത്തെത്തന്നെ അട്ടിമറിച്ച മൂന്ന് പ്രധാന റഫറിയിംഗ് പിഴവുകളാണ് ഫുട്ബോള്‍ ലോകം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

 

ഒന്നാം പകുതിയില്‍ അർജന്‍റീനയുടെ റൈറ്റ് ബാക്ക് താരം നഹുവല്‍ മോളിന ഈജിപ്ഷ്യൻ വിംഗർ എമാം അഷൂറിനെ കൈ നീട്ടി മുഖത്തടിച്ച്‌ വീഴ്ത്തുന്നത് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ മോളിനയ്ക്കെതിരെ ഒരു കാർഡ് പോലും നല്‍കാൻ റഫറി തയ്യാറായില്ലെന്നാണ് ആരാധകരുടെ ഒരു ആരോപണം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.