കള്ളാടി മണ്ണിടിച്ചിൽ : മരണസംഖ്യ 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
മേപ്പാടി : കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണസംഖ്യ അഞ്ചായി ഉയർന്നു.
പ്രദേശത്ത് നിലവില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് ദുരന്തഭൂമിയില്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ആകെ 70 രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘമാണ് നിലവില്‍ മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്. മനുഷ്യജീവനുകള്‍ എത്രയും വേഗം കണ്ടെത്തുകയും അവരെ ജീവനോടെ പുറത്തെത്തിക്കുകയുമാണ് ലക്ഷ്യം. ദുരന്തസമയത്ത് എത്രപേർ മണ്‍കൂനയ്ക്കടിയില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്നതില്‍ കൃത്യമായ വിവരങ്ങള്‍ വനംവകുപ്പും പോലീസും ചേർന്ന് ശേഖരിച്ചുവരികയാണ്.
തിരച്ചില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, വൻ മണ്‍കൂനകള്‍ക്കടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്. മണ്ണിനടിയില്‍ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ഈ ക്യാമറയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻ.ഡി.ആർ.എഫ് ശ്രമിക്കുന്നത്. പ്രവർത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കനത്ത മഴയും ഉരുള്‍പൊട്ടല്‍ ഭീഷണിയും തുടരുന്ന പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷൻ സെന്ററുകള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ജില്ലയില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നദികളിലോ വെള്ളക്കെട്ടുകളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്നും കളക്ടർ കർശന നിർദേശം നല്‍കി.
