July 7, 2026

പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിനും, യു.എസ്.എയെ തകര്‍ത്തെറിഞ്ഞ് ബെല്‍ജിയവും ക്വാര്‍ട്ടറില്‍

Share

 

ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു ; പോര്‍ച്ചുഗല്‍ പുറത്ത്

 

ഫിഫ ലോക കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥാക്കാന്‍ കഴിയാതെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പടിയിറങ്ങി. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന യൂറോപ്യന്‍ പവര്‍ഹൗസുകളുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യമാരായ സ്‌പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിന്റെയും റൊണാള്‍ഡോയുടെയും പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയായിരുന്നു.

 

കളി എക്‌സ്ട്രാ ടൈമിലേക്കു നീങ്ങുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമിന്റെ ആദ്യ മിനിറ്റില്‍ മൈക്കല്‍ മെറിനോയിലൂടെ സ്‌പെയിന്‍ വിജയഗോള്‍ കുറിച്ചത്. അതിവേഗമെടുത്ത ഫ്രികിക്കിനൊടുവില്‍ ടോറസിന്റെ മനോഹരമായ ത്രൂബോള്‍ ഓഫ് സൈഡ് കെണിയില്‍ കുരുങ്ങാതെ ബോക്‌സിലേക്കു കയറിയെടുത്ത് കുതിച്ച മെറിനോ ഗോളി കോസ്റ്റയെ നിസ്സഹായനാക്കി നിറയൊഴിക്കുകയായിരുന്നു.

 

കളിയിലുനീളം മികച്ചുനിന്ന സ്‌പെയിന്‍ അര്‍ഹിച്ച വിജയം കൂടിയാണിത്. പന്തടക്കത്തിലും ഗോള്‍ ശ്രമങ്ങളിലുമെല്ലാം അവര്‍ പോര്‍ച്ചുലിനേക്കാള്‍ മുന്നിലായിരുന്നു. ഗോള്‍ നേടാന്‍ ഒരുപാട് അവസരങ്ങളും അവര്‍ക്കു ലഭിച്ചെങ്കിലും ഗോള്‍കീപ്പറുടെ ചില തകര്‍പ്പന്‍ സേവുകള്‍ ഇതു നിഷേധിക്കുകയായിരുന്നു.

 

ഇരുടീമുകളും തുടക്കം മുതല്‍ വളരെ അഗ്രസീവായി തന്നെയാണ് ആരംഭിച്ചത്. നാലാം മിനിറ്റില്‍ തന്നെ സ്‌പെയിനിന്റെ ആദ്യത്തെ ഗോള്‍ ശ്രമവും കണ്ടു. ബോക്‌സിനു പുറത്തു നിന്നൊരു ലോങ്‌റേഞ്ചറാണ് ഒയാസബല്‍ തൊടുത്തത്. പക്ഷെ അതു ലക്ഷ്യം കാണാതെ മടങ്ങി.

 

എട്ടാം മിനിറ്റില്‍ സ്‌പെയിനിന്റെ അക്കൗണ്ട് തുറക്കാനുള്ള ഒരു സുവര്‍ണാവസരം ഒയാര്‍സബല്‍ കളഞ്ഞു കുളിച്ചു. ഓല്‍മോയ്‌ക്കൊപ്പം വണ്‍ ടച്ച്‌ പാസ് കളിച്ച്‌ ഇടതു വിങിലൂടെ ഒയാര്‍സബല്‍ ബോക്‌സിനകത്തേക്ക്.

അപ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ കോസ്റ്റ മാത്രം. സ്‌പെയിന്‍ മുന്നിലെത്തിയെന്നു ഉറപ്പിച്ച നിമിഷം. പക്ഷെ ഒയാര്‍സബലിന്റെ താഴ്ന്ന ഇടംകാല്‍ ഷോട്ട് സെക്കന്റ് പോസ്റ്റിനു തൊട്ടരികിലൂടെ മൂളി പുറത്തേക്ക്. പോര്‍ച്ചുഗലിന് ആശ്വാസം.

 

18ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ സ്‌പെയിനിന് മറ്റൊരു അവസരം. പക്ഷെ ഇത്തവണ ഗോള്‍കീപ്പര്‍ കോസ്റ്റയുടെ ഡബിള്‍ സേവ് സ്‌പെയിനിനു ഗോള്‍ നിഷേധിക്കുകയായിരുന്നു. വലതു വിങിലൂടെ പോര്‍ച്ചുഗീസ് പ്രതിരോധം ഭേദിച്ച്‌ അകത്തേക്കു കയറിയ ലാമിന്‍ യമാല്‍ ഒരു കര്‍ലിങ് ഷോട്ടാണ് വല ലക്ഷ്യമാക്കി തൊടുത്തത്. പക്ഷെ ഗോള്‍കീപ്പര്‍ കോസ്റ്റ തന്റെ വലതുവശത്തേക്കു മുഴുനീളെ ഡൈവ് ചെ്‌യ്ത് അതു കുത്തിയകറ്റി. പക്ഷെ അപകടം ഒഴിഞ്ഞുപോയില്ല. റീബണ്ട് ചെയ്ത ബോള്‍ ബോക്‌സിലുള്ള ബെയ്‌നയ്ക്കാണ് ലഭിച്ചത്.

 

അദ്ദേഹം സെക്കൻ്റ് പോസ്റ്റ് ലക്ഷ്യമിട്ട് മറ്റൊരു കര്‍ലിങ് ഷോട്ട് പായിക്കുന്നു. ഇത്തവണ കോസ്റ്റ തന്റ ഇടതുവശതത്തേക്കു ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് അതും തട്ടിയകറ്റി. പോര്‍ച്ചുഗീസ് ടീമനു ആശങ്കയുടെ നിമിഷങ്ങള്‍.

 

സ്‌പെയിനായിരുന്നു കളിയില്‍ ഒരുപടി മുകളിലെങ്കിലും പോര്‍ച്ചുഗലും വീറുറ്റ പോരാട്ടം തന്നെ കാഴ്ചവച്ചു. പക്ഷെ 36 മിനിറ്റിലാണ് പറങ്കിപ്പടയുടെ ആദ്യത്തെ മികച്ച ഗോളവസരം വന്നത്. ബോക്സിലേക്കു ഫെലിക്‌സ് മറിച്ചു നല്‍കുന്നു.

 

ഈ സമത്ത് ഗോളി സൈമണ്‍ ദിശ തെറ്റി നില്‍ക്കവെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒഴിഞ്ഞ വലയിലേക്കു ഇതു ഫിള്ക്ക് ചെയ്തിടാന്‍ ശ്രമിക്കുന്നു. പക്ഷെ വളരെ പെട്ടെന്നാണ് എവിടെ നിന്നോ എത്തിയ സൈമണ്‍ ഈ ബോള്‍ പറന്നു പിടിച്ചത്.

 

41ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് വീണ്ടുമൊരു ഗോളവസരം കൂടി. പക്ഷെ ഇത്തവണ സ്‌പെയിനിനെ രക്ഷിച്ചത് ക്രോസ് ബാറാണ്. വലതു വിങിലൂടെ കുതിച്ചെത്തിയ ശേഷം ന്യൂനോ മെന്‍ഡസ് ബോക്‌സിനു കുറുകെ ഒരു പവര്‍ഫുള്‍ ഷോട്ടാണ് തുടുത്തത്.

 

ഇതു സ്പാനിഷ് താം പെഡ്രോ പോറോയുടെ തലയില്‍ തട്ടി ദിശമാറി കുത്തന ഉയര്‍ന്ന ശേഷം നേരെ ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയായിരുന്നു. സ്‌പെയിനിനെ ഭാഗ്യം തുണച്ചില്ലായിരുന്നെങ്കില്‍ അതു സെല്‍ഫ് ഗോളിലും കലാശിക്കേണ്ടതായിരുന്നു. ഒടുവില്‍ ആദ്യ പകുതി ഗോള്‍രഹതമായി തന്നെ അവസാനിക്കുകയും ചെയ്തു.

 

രണ്ടാപകുതിയിലും ഇരുടീമുകളും വീറോടെ തന്നെ പൊരുതി. ഗോള്‍ നേടുമെന്നു തോന്നിപ്പിച്ചത് സ്‌പെയിന്‍ തന്നെയായിരുന്നു, ഇഞ്ചുറിടൈമില്‍ അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.

 

സ്‌പെയിന്‍ 11- ഉനായി സൈമണ്‍ (ഗോള്‍കീപ്പര്‍), മാര്‍ക്ക് കുക്കുറെല്ല, അയ്‌മെറിക് ലാപോര്‍ട്ടെ, പൗ കുബാര്‍സി, പെഡ്രോ പോറോ; റോഡ്രി, പെഡ്രി, അലക്‌സ് ബെയ്‌ന, ഡാനി ഓള്‍മോ, ലാമിന്‍ യമാല്‍, മൈക്കല്‍ ഒയാര്‍സബല്‍.

 

പോര്‍ച്ചുഗല്‍ 11- ഡിയോഗോ കോസ്റ്റ (ഗോള്‍കീപ്പര്‍); ജോവോ കാന്‍സലോ, റെനാറ്റോ വീഗ, റൂബന്‍ ഡയസ്, നുനോ മെന്‍ഡസ്, ജോവോ നെവ്‌സ്, വിറ്റിന്‍ഹ, പെഡ്രോ നെറ്റോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവോ ഫെലിക്‌സ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ക്യാപ്റ്റന്‍).

 

അമേരിക്കൻ ലോകകപ്പ് സ്വപ്നം അവസാനിപ്പിച്ച്‌ ബെല്‍ജിയം

 

ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 16-ല്‍ ബെല്‍ജിയം ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്സിനെ 4-1 ന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു.

 

ചാള്‍സ് ഡി കെറ്റെലെയർ ബെല്‍ജിയത്തിന് തുടക്കത്തില്‍ തന്നെ ലീഡ് നല്‍കി, 31-ാം മിനിറ്റില്‍ മാലിക് ടില്‍മാൻ യുണൈറ്റഡ് സ്റ്റേറ്റ്സിനായി സമനില നേടി. രണ്ട് മിനിറ്റിനുശേഷം ഡി കെറ്റെലെയർ തന്റെ രണ്ടാമത്തെ ഗോള്‍ നേടിയതോടെ ബെല്‍ജിയം പെട്ടെന്ന് നിയന്ത്രണം തിരിച്ചുപിടിച്ചു, ഇത് പകുതി സമയത്ത് ടീമിന് 2-1 ന്റെ മുൻതൂക്കം നല്‍കി.

 

രണ്ടാം പകുതിയില്‍ പെനാല്‍റ്റി ഏരിയയ്ക്ക് പുറത്ത് ഗോള്‍ കീപ്പർ മാറ്റ് ഫ്രീസിന്റെ പിഴവ് മൂലം ബെല്‍ജിയം ലീഡ് വർദ്ധിപ്പിച്ചു, ഹാൻസ് വനാകെന് ഒഴിഞ്ഞ വലയിലേക്ക് ഗോള്‍ നേടാൻ അവസരം നല്‍കി. ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിക്ക് പരിക്കേറ്റ് പുറത്തായപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് മറ്റൊരു തിരിച്ചടി നേരിട്ടു. കൂടുതല്‍ പൊസഷൻ ആസ്വദിച്ചിട്ടും, ബെല്‍ജിയം പ്രതിരോധത്തില്‍ സംഘടിതമായി തുടർന്നതിനാല്‍ ആതിഥേയർക്ക് അത് വ്യക്തമായ സ്കോറിംഗ് അവസരങ്ങളാക്കി മാറ്റാൻ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകു നിശ്ചിത സമയത്ത് നേടിയ ഒരു ഗോളിലൂടെ 4-1 എന്ന സ്‌കോറില്‍ എത്തി. മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെ ബെല്‍ജിയം ടീം സ്കോറിംഗ് പൂർത്തിയാക്കി, ഇപ്പോള്‍ ഫിഫ 2026 ലോകകപ്പ് ക്വാർട്ടർ ഫൈനലില്‍ സ്പെയിനിനെ നേരിടും. ഈ തോല്‍വിയോടെ സ്വന്തം മണ്ണില്‍ അമേരിക്കയുടെ ലോകകപ്പ് പ്രയാണം അവസാനിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.