ലോകകപ്പ് നോക്കൗട്ട് ചിത്രം തെളിഞ്ഞു ; ഇനി വമ്പന്മാരുടെ പോര്
ഫിഫാ ലോകകപ്പിലെ നോക്കൗട്ട് ചിത്രങ്ങള്‍ തെളിഞ്ഞു. നോക്കൗട്ടിലേക്കുള്ള 32 ടീമുകളുടെയും എതിരാളികള്‍ ആരെന്ന് തീരുമാനമായി.
സഹ ആതിഥേയരായ മെക്‌സിക്കോ, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ മൂന്ന് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മല്‍സരങ്ങളും വിജയിച്ചുകൊണ്ടാണ് നോക്കൗട്ടിലേക്ക് മുന്നേറിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, മൊറോക്കോ, യുഎസ്‌എ, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ബെല്‍ജിയം, സ്‌പെയിന്‍, കേപ് വര്‍ദെ, കൊളംബിയ, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ വന്‍ ടീമുകള്‍ എല്ലാം തന്നെ സമനില വഴങ്ങിയെങ്കിലും തോല്‍വിയറിയാതെയാണ് നോക്കൗട്ടിലേക്ക് എത്തിയത്.
നോക്കൗട്ടില്‍ ഇന്ന് രാത്രി 10.30 ന് ബ്രസീലിനെ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ നേരിടും. ആദ്യ മല്‍സരത്തില്‍ മൊറോക്കോയോട് സമനിലവഴങ്ങിയെങ്കിലും പിന്നീടുള്ള മല്‍സരങ്ങളില്‍ മഞ്ഞപ്പട വിജയവഴിയില്‍ തിരിച്ചെത്തി. അതേസമയം മികച്ച ഫോമിലാണ് ജപ്പാന്‍. യൂറോപ്യന്‍ വമ്പന്മാരായ നെതര്‍ലാന്‍ഡ്‌സിനെ സമനിലയില്‍ ജപ്പാന്‍ തളച്ചിരുന്നു.
നോക്കൗട്ടിലെ രണ്ടാം മല്‍സരത്തില്‍ ജര്‍മനിക്ക് എതിരാളികള്‍ പരാഗ്വായ് ആണ്. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലാണ് ജര്‍മന്‍ ക്യാംപ്. എന്നാല്‍ കുറൊസാവോയോടും ഐവറി കോസ്റ്റിനോടും മികച്ച ജയം സ്വന്തമാക്കിയ ആത്മവിശ്വാസവും മുന്‍ ലോകചാംപ്യന്മാര്‍ക്കുണ്ട്.
നോക്കൗട്ടിലെ മറ്റൊരു ഗ്ലാമര്‍ പോരാട്ടമാണ് നെതര്‍ലാന്‍ഡ്സും മൊറോക്കയും തമ്മിലുള്ളത്. ബ്രയാന്‍ ബ്രോബിയുടെയും ഗാക്‌പോയുടെയും മിന്നും പ്രകടനത്തില്‍ ഗ്രൂപ്പ് ഘട്ടം കടന്ന നെതര്‍ലാന്‍ഡ്‌സിനെ സംബന്ധിച്ച് മൊറോക്കോ മികച്ച എതിരാളികള്‍ തന്നെയാണ്. ക്യാപ്റ്റന്‍ ഹക്കിമിയുടെയും ഇസ്മയില്‍ സായിബാരിയുടെയും മിന്നുന്ന ഫോം തന്നെയാണ് മൊറോക്കയുടെ കരുത്ത്.
ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത പോര്‍ച്ചുഗലിന് എതിരാളികള്‍ ക്രൊയേഷ്യയാണ്. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കൊളംബിയയോട് സമനിലവഴങ്ങിയതിന് പിന്നാലെയാണ് പോര്‍ച്ചുഗലിന് എതിരാളികളായി ക്രൊയേഷ്യയെ കിട്ടിയത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് പോര്‍ച്ചുഗലിന്റെ അലട്ടുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മികച്ച താരങ്ങളുള്ള മധ്യനിരയും മുന്നേറ്റനിരയും ഫോമിലേക്ക് ഉയരാത്തത് പോര്‍ച്ചുഗലിന്റെ സംബന്ധിച്ച് പ്രശ്‌നമാണ്. അതേസമയം ഇംഗ്ലണ്ടും ഘാനയും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയാണ് ക്രൊയേഷ്യ എത്തുന്നത്.
നോക്കൗട്ടിലെ മറ്റ് മല്‍സരങ്ങള്‍
ഇംഗ്ലണ്ട് – കോംഗോ, അര്‍ജന്റീന – കേപ് വര്‍ദെ, നോര്‍വേ – ഐവറി കോസ്റ്റ്, മെക്‌സിക്കോ – ഇക്വഡോര്‍, ഓസ്ട്രേലിയ – ഈജിപ്ത്, സ്വിറ്റ്സര്‍ലന്‍ഡ് – അള്‍ജീരിയ, കൊളംബിയ – ഘാന, ബെല്‍ജിയം – സെനഗല്‍, യുഎസ്‌എ – ബോസ്‌നിയ, സ്‌പെയിന്‍ – ഓസ്ട്രിയ, സൗത്ത് ആഫ്രിക്ക – കാനഡ, ഫ്രാന്‍സ് – സ്വീഡന്‍ എന്നിവര്‍ തമ്മിലാണ് മറ്റ് മല്‍സരങ്ങള്‍.
