June 19, 2026

വമ്പൻ പ്രഖ്യാപനങ്ങളോടെ വിഡി സർക്കാറിൻ്റെ സംസ്ഥാന ബജറ്റ് : ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

Share

 

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റില്‍ സ്വപ്നപദ്ധതികള്‍ ഇടംനേടി. മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി വകയിരുത്തി. കേരളത്തെ തുറമുഖ നഗരമാക്കാനും തീരദേശ വികസനവും ലക്ഷ്യമിട്ട് കേരള മാരിടൈം നയത്തിന് രൂപംനല്‍കുമെന്ന് സതീശൻ പ്രഖ്യാപിച്ചു.

 

വിഴിഞ്ഞത്ത് കപ്പല്‍ നിർമാണ കേന്ദ്രം, കൊല്ലം, ബേപ്പൂർ, അഴീക്കല്‍ തുറമുഖങ്ങളുടെ വികസനം എന്നിവ ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞത്ത് വിവിധ വികസനപദ്ധതികള്‍ നടപ്പാക്കി കേരളത്തിന്റെ മുഖമായി ഉയർത്തിക്കൊണ്ടുവരും.

 

അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും. 50 കോടി രൂപ ഇതിനായി വകയിരുത്തും. ജലസ്രോതസ്സുകള്‍ സംയോജിപ്പിച്ച്‌ മാരിടൈം സമ്പദ്‍വ്യവസ്ഥയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

 

10,000 എം.എസ്.എം.ഇകള്‍ (ഇടത്തരം-ചെറുകിട വ്യവസായ യൂനിറ്റുകള്‍ തുടങ്ങാനായി സർക്കാർ സഹായം നല്‍കും. ഇതിനായി 100 കോടി അനുവദിച്ചു. ഭൂമി ഏറ്റെടുക്കലിന് ഏകജാലക പദ്ധതി നിലവില്‍ വരും.

 

മാരകരോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി ‘വണ്‍ കേരള കരുതല്‍ മിഷന്‍’ ആരംഭിക്കും. അര്‍ഹരായവര്‍ക്ക് ഇതിലൂടെ ചികിത്സാ സഹായം എത്തിക്കും. ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തി.

അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയായിരിക്കും ഈ ബജറ്റെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തുറന്നുസമ്മതിച്ചാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

 

ധവളപത്രത്തിലെ കണക്കുകള്‍ നിരത്തി, മുൻ സർക്കാറിന്റെ കാലത്തെ സാമ്പത്തിക അസന്തുലിതാവസ്ഥകള്‍ ചൂണ്ടിക്കാട്ടി. കിഫ്ബി പദ്ധതികള്‍ വലിയ സാമ്പത്തിക ബാധ്യതയും അസന്തുലിതാവസ്ഥയും സൃഷ്ടിച്ചെന്ന് സതീശൻ വിമർശിച്ചു. ഇതിന്റെ പ്രവർത്തനങ്ങള്‍ പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചു.

 

വാർഷിക പദ്ധതി അടങ്കലില്‍ ആനുപാതികമായ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. നിലവില്‍ 35,000 കോടി രൂപയാണ് വാർഷിക അടങ്കലായി നിശ്ചയിച്ചിരുന്നത്. മുൻ ബജറ്റുകളില്‍ കേന്ദ്ര വിഹിതം തെറ്റായി കണക്കാക്കിയതിലൂടെ 20,500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകളെ പ്രതികൂലമായി ബാധിക്കും.

 

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാർക്ക് ആശ്വാസം പകരുന്ന സൗജന്യ യാത്രയും, ആശാ വർക്കർമാരുടെ ഓണറേറിയം വർധനവും സർക്കാർ ഉറപ്പുവരുത്തിയതായി അദ്ദേഹം പറഞ്ഞു.

 

ബജറ്റ് ഒറ്റനോട്ടത്തില്‍

 

പതിനായിരം എംഎസ്‌എംഇ ആരംഭിക്കും

 

പതിനായിരം എംഎസ്‌എംഇ ആരംഭിക്കുമെന്നും ഗ്ലോബല്‍ ജോബ് വാച്ച്‌ ടവർ രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. 10,000 എംഎസ്‌എംഇ കള്‍ തുടങ്ങാനായി സഹായം നല്‍കും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി.

 

വിമാനത്താവള വികസനത്തിനായി 200 കോടി രൂപ

 

സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

 

‘വണ്‍ കേരള കരുതല്‍ മിഷൻ’ പ്രഖ്യാപിച്ചു

 

രോഗികളായ അർഹരായ ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കാനായി ‘വണ്‍ കേരള കരുതല്‍ മിഷൻ’ പദ്ധതി പ്രഖ്യാപിച്ചു.

 

വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി രൂപ

 

ഭൂനിയമങ്ങളില്‍ കാലാനുസൃതമായി മാറ്റം വരുത്തും

ഭൂനിയമങ്ങളില്‍ കാലാനുസൃതമായി മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി. ‘ഭൂപരിഷ്കരണം 2’ എന്ന പേരില്‍ പ്രസ്കതമായ ഭൂനിയമങ്ങളില്‍ മാറ്റം

 

കേരള നോളജ് വാലി പദ്ധതിയ്‌ക്ക് 100 കോടി രൂപ

 

വിദ്യാർത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരങ്ങള്‍ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. 100 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി.

 

മലയാള സിനിമാ വ്യവസായത്തിന് കൈത്താങ്ങ്

കൊച്ചിയില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയല്‍ ഇന്റർനാഷണല്‍ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയില്‍. 100 കോടി രൂപ വകയിരുത്തി.

 

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്‌ക്ക് 10 കോടി

 

സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതി ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമാണ്. 10 കോടി രൂപ അനുവദിച്ചു.

 

കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ; 20 കോടി രൂപ

 

കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് 20 കോടി രൂപ വകയിരുത്തി.

പെരുമ്പാവൂരില്‍ ഗ്ലോബല്‍ ഫർണിച്ചർ ഹബ്

പെരുമ്പാവൂരിനെ ഗ്ലോബല്‍ ഫർണിച്ചർ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി. കൊച്ചി – തൃശൂർ അഭരണ ഇടനാഴി സ്ഥാപിക്കാൻ 10 കോടി രൂപ അനുവദിച്ചു.

 

കെഎസ്‌ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് 600 കോടി

 

കെഎസ്‌ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് ബജറ്റില്‍ 600 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.

 

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും

 

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും.

ബ്രാൻഡ് കേരളം പദ്ധതി പ്രഖ്യാപിച്ചു

സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി.

 

മലബാറില്‍ ഫുട്ബോള്‍ സ്റ്റേഡിയം; 50 കോടി രൂപ അനുവദിച്ചു

 

ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കാൻ ആധുനിക സജ്ജീകരണങ്ങളോടെ മലബാറില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. 50 കോടി രൂപ അനുവദിച്ചു.

 

മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും

വന്യജീവി സംഘർഷം തടയാൻ 192 കോടി രൂപ

 

കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മനുഷ്യ – വന്യജീവി സംഘർഷങ്ങള്‍ തടയാൻ ബജറ്റില്‍ 192 കോടി രൂപ അനുവദിച്ചു.

 

തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 1422 കോടി

തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 1422 കോടി രൂപയും ഗ്രാമവികസനത്തിന് 2138 കോടി രൂപയും വകയിരുത്തിയതായി മുഖ്യമന്ത്രി.

 

എൻഡോസള്‍ഫാൻ ബാധിതർക്ക് കൈത്താങ്ങ്

എൻഡോസള്‍ഫാൻ ബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കുമെന്നും ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സൈബർ പാർക്കിന്റെ നിലവാരം ഉയർത്തും

കോഴിക്കോട് സൈബർ പാർക്കിന്റെ നിലവാരം ഉയർത്തുമെന്ന് മുഖ്യമന്ത്രി. കൊച്ചി ഇൻഫോ പാർക്കിന്റെയും തിരുവനന്തപുരം ടെക്നോപാർക്കിന്റെയും നിലവാരത്തിലേക്ക് സൈബർ പാർക്കിനെ ഉയർത്തുമെന്ന് പ്രഖ്യാപനം.

 

വിലങ്ങാടിന് പ്രത്യേക പാക്കേജ്

 

വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയ്‌ക്ക് 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്

 

മൃഗസംരക്ഷണത്തിന് 258.8 കോടി രൂപ

 

വനം-വന്യജീവി സംരക്ഷണത്തിന് 243.80 കോടി രൂപ അനുവദിച്ചു. കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തുകയും ഇവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.

 

അംഗണവാടി വർക്കർമാർക്കും ഹെല്‍പ്പർമാർക്കും ഓണറേറിയം

 

അംഗണവാടി വർക്കർമാർക്കും ഹെല്‍പ്പർമാർക്കും ഓണറേറിയം. 66.20 കോടി രൂപ വകയിരുത്തി.

 

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. ആലപ്പുഴയില്‍ ഹൗസ് ബോട്ട് മാലിന്യങ്ങള്‍ സംസ്കരിക്കാൻ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുകയും മുസിരിസ് ടൂറിസം പദ്ധതി വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപനം.

 

ജെൻസികള്‍ക്ക് സ്റ്റാർട്ട് അപ് പദ്ധതി

ബജറ്റില്‍ ജെൻസികള്‍ക്ക് സ്റ്റാർട്ട് അപ് പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി. ഇതിനായി 50 കോടി വകയിരുത്തും.

പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും

പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.

 

വ്യവസായ മേഖലയ്‌ക്ക് 1115.48 കോടി

എല്ലാ പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിൻ

എല്ലാ പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തുമെന്നും കേരളത്തിലെ ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്ലി ആക്കുമെന്നും ബജറ്റ് അവതരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

 

ആരോഗ്യ ടൂറിസം മേഖലയ്‌ക്ക് റീച്ച്‌ കേരള പദ്ധതി

ആരോഗ്യ ടൂറിസം മേഖലയുടെ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ സഹായിക്കുന്ന റീച്ച്‌ കേരള പദ്ധതി നടപ്പാക്കും.

സംസ്ഥാനത്ത് പുതിയ രണ്ട് മെഡിക്കല്‍ കോളേജുകള്‍

സംസ്ഥാനത്ത് പുതിയ രണ്ട് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. ഹരിപ്പാടും തിരുവനന്തപുരത്തുമാണ് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുക. ഇതോടെ തിരുവനന്തപുരത്ത് രണ്ട് മെഡിക്കല്‍ കോളേജുകളാകും.

മൂന്ന് മെഡിക്കല്‍ കോളേജുകള്‍ വികസിപ്പിക്കും

കാസർഗോഡ്, ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.

 

 

40 വയസ് കഴിഞ്ഞവർക്കായി ഗോള്‍ഡൻ‌ അവർ പ്രോജക്‌ട്

 

40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച്‌ ഗോള്‍ഡൻ‌ അവർ പ്രോജക്‌ട് നടപ്പിലാക്കും.

 

കശുവണ്ടി, കയർ മേഖലകള്‍ക്ക് ധനസഹായം

 

കശുവണ്ടി മേഖലയ്‌ക്ക് 54 കോടി രൂപയും കയർ മേഖലയ്‌ക്ക് 107.64 കോടി രൂപയും വകയിരുത്തി.

 

റാഗിംഗ് തടയാൻ പദ്ധതി

 

സംസ്ഥാനത്തെ ക്യാമ്പസുകളില്‍ റാഗിംഗ് തടയാൻ പദ്ധതി നടപ്പാക്കും. സിദ്ധാർത്ഥിന്റെ പേരിലാണ് പദ്ധതി അവതരിപ്പിക്കുക.

 

 

കേരളത്തിലെ ക്ഷേത്രങ്ങളെ വികസിപ്പിക്കും

 

ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

 

ഓപ്പറേഷൻ തൂഫാന് 10 കോടി

 

സംസ്ഥാനത്തെ ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.

 


Share
Copyright © All rights reserved. | Newsphere by AF themes.