May 21, 2026

ലോകകപ്പ് പടിവാതില്‍ക്കല്‍ ; സംപ്രേഷണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാര്‍ഭാരതി : ഇന്ത്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണം അനിശ്ചിതത്വത്തില്‍

Share

 

ഡല്‍ഹി : അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണ കാര്യത്തില്‍ കടുത്ത അനിശ്ചിതത്വം തുടരുന്നു. പന്തുരുളാന്‍ വെറും മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യയില്‍ ഏത് ചാനലിലോ ഒടിടി പ്ലാറ്റ്ഫോമിലോ കളി കാണാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കായിക മാധ്യമങ്ങളോ ഡിജിറ്റല്‍ ഭീമന്മാരോ സംപ്രേഷണാവകാശം സ്വന്തമാക്കാന്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്നാണ് ഫിഫ അധികൃതര്‍ വ്യക്തമാക്കുന്നത്.

 

ഇതിനിടെ, ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള അവകാശം വാങ്ങാന്‍ പ്രസാര്‍ ഭാരതി മുന്‍കൈ എടുക്കണമെന്ന ഹര്‍ജിയില്‍ പ്രസാര്‍ ഭാരതി ഡല്‍ഹി ഹൈക്കോടതിയെ ഔദ്യോഗിക നിലപാട് അറിയിച്ചു. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് പ്രസാര്‍ ഭാരതി കോടതിയെ അറിയിച്ചത്. ഇതോടെ പൊതുമേഖലാ ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി ഔദ്യോഗികമായി തന്നെ ഈ മത്സരത്തില്‍ നിന്ന് പിന്മാറി. കഴിഞ്ഞ തവണ ജിയോ സിനിമയും സ്പോര്‍ട്സ് 18ഉം വന്‍ തുക നല്‍കി അവകാശം സ്വന്തമാക്കിയിരുന്നുവെങ്കിലും ഇത്തവണ ഫിഫയ്ക്ക് ഇന്ത്യയില്‍ ഇതുവരെ ഒരു ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

 

ചരിത്രത്തിലാദ്യമായി 32 ടീമുകള്‍ക്ക് പകരം 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന, മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ഏറ്റവും വലിയ ലോകകപ്പാണ് ഇത്തവണത്തേത്. ജൂണ്‍ 12 മുതല്‍ ജൂലൈ 20 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 104 മത്സരങ്ങളുണ്ടാകും. കഴിഞ്ഞ 2022 ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യയില്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 74.5 കോടി പ്രേക്ഷകരാണ് കളി കണ്ടത്. ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ ചൈനയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ (ഏകദേശം 8.4 കോടി ടിവി പ്രേക്ഷകര്‍). എന്നിട്ടും ഇത്തവണ സംപ്രേഷണാവകാശം വിറ്റുപോകാത്തത് കായിക വിപണിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

 

ഇന്ത്യന്‍ വിപണിയില്‍നിന്ന് ഫിഫ ഇത്തവണ ഏതാണ്ട് 100 ദശലക്ഷം ഡോളര്‍ (ഏകദേശം 965 കോടി രൂപ) വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശത്തിനായി ജിയോ സിനിമ മാത്രം ഏകദേശം 60… ദശലക്ഷം ഡോളര്‍ ചിലവഴിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഫുട്ബോള്‍ സ്ട്രീമിംഗില്‍ നിന്നുള്ള വരുമാനം അത്ര ഉയര്‍ന്നതല്ലെന്നാണ് വിലയിരുത്തല്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് പോലും ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത് 1500 കോടി രൂപയില്‍ താഴെ മാത്രമാണ്.

 

ഇന്ത്യയില്‍ മീഡിയ അവകാശം വിറ്റുപോകാത്തതിന് പ്രധാന കാരണം വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ മത്സരങ്ങളുടെ സമയക്രമമാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അവിടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍ അത് അര്‍ധരാത്രിയും പുലര്‍ച്ചയുമായിരിക്കും. ടൂര്‍ണമെന്റിലെ ആകെ 104 മത്സരങ്ങളില്‍ 14 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രിക്ക് മുന്‍പായി ആരംഭിക്കുന്നത്. ശേഷിക്കുന്ന 72 ലീഗ് മത്സരങ്ങളും 32 നോക്കൗട്ട് മത്സരങ്ങളും അര്‍ദ്ധരാത്രിക്ക് ശേഷമായിരിക്കും. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുന്നത് പോലും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12:30-നാണ്. ഇത്രയും വൈകിയ വേളകളില്‍ കളി കാണാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ എത്രത്തോളം താല്‍പര്യം കാണിക്കുമെന്ന ആശങ്കയിലാണ് ചാനലുകള്‍ കോടികള്‍ മുടക്കാന്‍ മടിക്കുന്നത്.

 

നിലവില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ ഫിഫ റാങ്കിങ് 136ഉം സ്ത്രീകളുടേത് 69ഉം ആണ്. രാജ്യം ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിട്ടുമില്ല. എങ്കിലും ലോകകപ്പ് കാലമായാല്‍ കേരളം, ഗോവ, കൊല്‍ക്കത്ത, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഫുട്‌ബോള്‍ ലഹരിയിലാകുന്നത് പതിവാണ്. ഐ.പി.എല്ലിന് ശേഷം ലോകകപ്പ് ആവേശത്തിലേക്ക് കടക്കാനിരുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഈ വലിയ പ്രതിസന്ധി കടുത്ത നിരാശയാണ് നല്‍കുന്നത്. എങ്കിലും അവസാന നിമിഷം ഏതെങ്കിലും സ്വകാര്യ സ്പോര്‍ട്സ് ചാനലുകളോ ഡിജിറ്റല്‍ ഭീമന്മാരോ അവകാശം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് കളിപ്രേമികള്‍.

 

 


Share
Copyright © All rights reserved. | Newsphere by AF themes.