നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ് (32) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട്, ഐ. ടി ആക്ട്, എന്നിങ്ങനെ ബത്തേരി, അമ്പലവയല്‍ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളും കൂടാതെ കുപ്പാടി, തൊട്ടാമൂല ഫോറെസ്റ്റ് സ്റ്റേഷനുകളിലുമായി 14 ഓളം കേസുകളാണുള്ളത്. ബത്തേരിയിൽ യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു.
സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം ഒരു വർഷത്തെ കരുതൽ തടവിനാണ് ഉത്തരവ്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.
