എല്‍പിജി സിലിണ്ടറുകളുടെ റീഫില്‍ ബുക്കിംഗില്‍ 21 ദിവസത്തെ നിയന്ത്രണം
ദില്ലി : എല്‍പിജി സിലിണ്ടറുകളുടെ റീഫില്‍ ബുക്കിംഗില്‍ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തില്‍ ബുക്കിംഗുകളില്‍ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയില്‍ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എല്‍പിജി റീഫില്ലുകള്‍ക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇൻ പിരീഡ് എന്ന രീതിയാണ് നിലവില്‍ നടപ്പിലാക്കിയിട്ടുള്ളത്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തില്‍ ഗാർഹിക എല്‍പിജി സിലിണ്ടറുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിംഗുകളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവില്‍ വന്നതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
