March 7, 2026

വീണ്ടും ഇരുട്ടടി!! രാജ്യത്ത് പാചകവാതക വില കൂട്ടി ; ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത് 60 രൂപ

Share

 

ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച്‌ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്.

 

പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങള്‍ ക്രൂഡ് ഓയില്‍ വിലയെയും ഊർജ ഇറക്കുമതിയെയും ബാധിച്ചതാണ് നിലവിലെ വിലവർധനവിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

 

വില വർധനവോടെ കൊച്ചിയില്‍ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായും വാണിജ്യ സിലിണ്ടറിന്റേത് 1890.50 രൂപയായും ഉയർന്നു. ഡല്‍ഹിയില്‍ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമാണ് പുതിയ നിരക്ക്. മുംബൈയില്‍ യഥാക്രമം 912.50 രൂപയും 1835 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ ഗാർഹിക സിലിണ്ടറിന് 939 രൂപയും വാണിജ്യ സിലിണ്ടറിന് 1990 രൂപയുമായി. ചെന്നൈയില്‍ ഇത് 928.50 രൂപയും 2043.50 രൂപയുമാണ്.

 

പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികള്‍ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്.

 

കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വർദ്ധിപ്പിച്ചത്.


Share
Copyright © All rights reserved. | Newsphere by AF themes.