February 25, 2026

ഹജ്ജ് 2026 : കേരളത്തില്‍ നിന്ന് ആദ്യ വിമാനം ഏപ്രില്‍ 30ന്

Share

 

കൊച്ചി : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് 2026 സർവിസുകള്‍ ഏപ്രില്‍ 30 മുതല്‍ ആരംഭിക്കും. ആദ്യ വിമാനം കൊച്ചിയില്‍നിന്ന് ഉച്ചയ്ക്ക് 2.10ന് ജിദ്ദയിലേക്ക് പുറപ്പെടും സഊദി പ്രാദേശിക സമയം വൈകിട്ട് 5.30ന് വിമാനം ജിദ്ദയിലെത്തും.ഫ്ളൈ നാസ് ആണ് സർവിസ് നടത്തുന്നത്. 430 തീർഥാടകരെ ഉള്‍ക്കൊള്ളുന്ന വലിയ വിമാനമാണ് ഹജ്ജ് സർവിസിന് ഉപയോഗിക്കുന്നത്.

 

കൊച്ചി, കണ്ണൂർ, കരിപ്പൂർ എന്നിവിടങ്ങളില്‍ നിന്നായി 40 സർവിസുകളാണ് ഷെഡ്യൂള്‍ ചെയ്തത്. കൊച്ചിയില്‍നിന്ന് 20 വിമാനങ്ങളാണ് സർവിസ് നടത്തുക. ഈ വർഷം ആരംഭിക്കുന്ന ഷോർട്ട് ഹജ്ജ് തിരഞ്ഞെടുത്തവർക്കായി ഷെഡ്യൂള്‍ ചെയ്ത മൂന്ന് സർവിസുകള്‍ ഉള്‍പ്പെടെയാണിത്. കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നവർ ജൂണ്‍ 13ന് വൈകുന്നേരം 5.30ന് മടങ്ങിയെത്തും. മദീന വഴിയാണ് വിമാന സർവിസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

 

സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ തീർഥാടകർ ഹജ്ജിന് പോകുന്നത് കൊച്ചി വഴിയാണ്. കണ്ണൂരില്‍നിന്ന് മെയ് അഞ്ച് മുതലാണ് ഹജ്ജ് സർവിസുകള്‍ ആരംഭിക്കുന്നത്. 13 വിമാനങ്ങളാണ് ഫ്ളൈഅദീല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 12 വിമാനങ്ങളില്‍ 350 തീർഥാടകരും അവസാന വിമാനത്തില്‍ 288 തീർഥാടകരും പുറപ്പെടും. ആദ്യ വിമാനം മെയ് അഞ്ചിന് പുലർച്ചെ 4.45ന് ജിദ്ദയിലേക്ക് പുറപ്പെടും. കണ്ണൂരില്‍നിന്നുള്ളവരുടെ മടക്കം ജൂണ്‍ 21 മുതല്‍ ആരംഭിച്ച്‌ ജൂലൈ ഒന്നിന് അവസാനിക്കും.

 

കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 15ന് പുറപ്പെടും. 145 പേർക്ക് സഞ്ചരിക്കാവുന്ന ഏഴ് വിമാനങ്ങളാണ് ആകാശ എയർ ഹജ്ജിനായി സർവിസ് നടത്തുന്നത്. മെയ് 18നാണ് അവസാന വിമാനം. മടക്ക സർവിസുകള്‍ ജൂണ്‍ 24ന് തുടങ്ങി 27ന് സമാപിക്കും. സംസ്ഥാനത്ത് ഏറ്റവും കുറവ് തീർഥാടകർ പുറപ്പെടുന്നത് കരിപ്പൂരില്‍നിന്നാണ്.


Share
Copyright © All rights reserved. | Newsphere by AF themes.