സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു : സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാർ സമരത്തിൽ
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഒപി ബഹിഷ്‌കരിക്കുന്നതിനൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും ഇന്ന് നടത്തില്ല.
ശമ്പളപരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്രനിരക്കില്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം.
ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണയും സത്യഗ്രഹവും സംഘടിപ്പിക്കും. രാവിലെ പത്ത് മണിയ്ക്കാണ് ധര്‍ണ ആരംഭിക്കുക. ഡോക്ടര്‍മാര്‍ നേരത്തെ ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിന് മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം ഒപി ബഹിഷ്‌കരണം ആരംഭിക്കും. ഫെബ്രുവരി ഒമ്പതുമുതല്‍ അനിശ്ചിതകാല അധ്യാപനവും ഒപി ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കും.
കൂടാതെ, ഫെബ്രുവരി 11 മുതല്‍ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.
