January 20, 2026

ബിജെപിയില്‍ തലമുറ മാറ്റം ; ദേശീയ അധ്യക്ഷനായി നിതിൻ നബിൻ

Share

 

നിതിൻ നബിനെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മാലയിട്ട് അഭിവാദ്യമർപ്പിച്ചപു. ജെപി നദ്ദ, രാജ് നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ അഭിനന്ദിച്ചു. ജെപി നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്. അമിത് ഷാ, ജെ പി നദ്ദ എന്നിവരുടെ വിശ്വസ്തനായാണ് നിതിൻ നബിൻ അറിയപ്പെടുന്നത്.

 

ബിജെപിയില്‍ തലമുറ മാറ്റം ലക്ഷ്യം വെച്ചാണ് 45-കാരനായ നിതിൻ നബിനെ കഴിഞ്ഞ ഡിസംബറില്‍ ദേശീയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും ബിഹാർ സംസ്ഥാന അധ്യക്ഷനുമായി പ്രവർത്തിച്ച നിതിൻ ഛത്തീസ്ഗഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും വഹിച്ചിട്ടുണ്ട്.

 

 

കേരളം, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ബി ജെ പിയുടെ 12-ാമത് ദേശീയ അധ്യക്ഷനു മുന്നിലുള്ള വെല്ലുവിളി. കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന ഛത്തീസ്ഗഡില്‍ ബിജെപിയുടെ സംസ്ഥാന ചുമതലക്കാരനായി പ്രവർത്തിച്ച നിതിൻ, അപ്രതീക്ഷിത വിജയത്തിലൂടെ പാർട്ടിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിർണ്ണായക പങ്കാണ് വഹിച്ചത്. കൂടുതല്‍ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനും യുവനേതൃത്വത്തെ വളർത്തിയെടുക്കാനുമുള്ള ദൗത്യമാണ് നിതിന് പാർട്ടി നേതൃത്വം നല്‍കിയിട്ടുള്ളത്.

 

ബിജെപി നേതാവും മുൻ എംഎല്‍എയുമായിരുന്ന അന്തരിച്ച നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനായ നിതിൻ, 2006-ല്‍ പിതാവിന്റെ മരണത്തെത്തുടർന്നാണ് രാഷ്ട്രീയത്തില്‍ സജീവമായത്. പട്ന വെസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചായിരുന്നു അരങ്ങേറ്റം. ബിഹാറിലെ ബങ്കിപൂർ മണ്ഡലത്തില്‍ നിന്ന് തുടർച്ചയായി അഞ്ച് തവണ എംഎല്‍എയായ നിതിൻ ബിഹാർ നീതീഷ് കുമാർ സർക്കാരില്‍ പൊതുഗതാഗതം, നഗരവികസനം, നിയമം തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.