കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത : ജോസ് കെ. മാണി യുഡിഎഫിലേക്ക് ? എൽഡിഎഫിൽ തുടരുമെന്ന് റോഷി അഗസ്റ്റിൻ
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച വാർത്തകള്‍ വരുന്നതിനിടെ എല്‍ഡിഎഫ് നേതാക്കളുമൊത്തുള്ള ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ. തുടരും എന്ന കുറിപ്പോടെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടക്കമുള്ളവരുടെ ഒപ്പമുള്ള ചിത്രമാണ് റോഷി അഗസ്റ്റിൻ പങ്കുവച്ചിരിക്കുന്നത്.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ജോസ് കെ. മാണി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിന്നും മാറി നിന്നതിനു പിന്നാലെയാണ് ചർച്ചകള്‍ ഉയർന്നത്. കേരളാ കോണ്‍ഗ്രസ് ക്യാമ്പില്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഹൈക്കമാൻഡ് ഇടപെടുന്നതായും സൂചന. സോണിയ ഗാന്ധി ഫോണിലൂടെ ജോസ് കെ. മാണിയുമായി ചർച്ച നടത്തിയതായാണ് വിവരം. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല.
കേരള കോണ്‍ഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നതിന്‍റെ സൂചനയാണ് പുറത്തു വരുന്നത്. യുഡിഎഫിന് ഒപ്പം നില്‍ക്കുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാല്‍ റോഷി അഗസ്റ്റിനടക്കമുള്ളവർ മുന്നണിയില്‍ തുടരുമെന്നുള്ള സൂചനയാണ് പുറത്തു വരുന്നത്.
