സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്നു : പകുതി വേവിച്ച മുട്ട കഴിക്കരുത് ; ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത് പക്ഷിപ്പനി (H5N1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ കടുത്ത ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ചേർന്ന സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (RRT) യോഗത്തിലാണ് പ്രതിരോധ നടപടികള്‍ വിലയിരുത്തിയത്. കേരളത്തില്‍ ഇതുവരെ മനുഷ്യരില്‍ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതല്‍ അത്യാവശ്യമാണെന്ന് മന്ത്രി അറിയിച്ചു.
പ്രധാന നിർദ്ദേശങ്ങള്‍
പച്ചമാംസം, പക്ഷികളുടെ കാഷ്ഠം എന്നിവ കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും മാസ്കും കയ്യുറകളും ധരിക്കണം. തൊഴിലിന്റെ ഭാഗമായി മാംസം കൈകാര്യം ചെയ്യുന്നവർക്ക് രോഗസാധ്യത കൂടുതലായതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.
നന്നായി വേവിച്ച മാംസവും മുട്ടയും മാത്രമേ കഴിക്കാവൂ. മുട്ട പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം. പച്ചമാംസം ഒരു കാരണവശാലും ഉപയോഗിക്കരുത്.
ശക്തമായ പനി, ശരീരവേദന, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും.
പക്ഷികളിലോ സസ്തനികളിലോ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ ഉടൻ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ചത്ത പക്ഷികളെ നേരിട്ട് കൈകാര്യം ചെയ്യരുത്.
പ്രതിരോധ നടപടികള്‍ ശക്തം
ആരോഗ്യവകുപ്പ് പ്രത്യേക എസ്.ഒ.പി (SOP) പുറത്തിറക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സഹായത്തോടെ ബോധവല്‍ക്കരണം ഊർജിതമാക്കി. പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആവശ്യമായ മരുന്നുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
പക്ഷികളിലെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാം
തൂവല്‍ കൊഴിയുക, തീറ്റയോട് വിരക്തി, ശ്വാസതടസ്സം, പൂവ്-കൊക്ക്-തല ഭാഗങ്ങളില്‍ നീർക്കെട്ടോ നീലനിറമോ കാണപ്പെടുക, വയറിളക്കം, മുട്ടയുടെ എണ്ണം കുറയുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രത പാലിക്കണം. ചത്തുപോയ പക്ഷികളെയും അവശിഷ്ടങ്ങളെയും ആഴത്തില്‍ കുഴിച്ച് മൂടുകയോ കത്തിക്കുകയോ ചെയ്യേണ്ടതാണ്.
ശ്രദ്ധിക്കുക
രോഗം ബാധിച്ച പക്ഷികളുമായി അടുത്ത സമ്ബർക്കം പുലർത്തുന്നവർക്കാണ് പകരാൻ സാധ്യത കൂടുതല്‍. കൈകള്‍ സോപ്പിട്ട് ഇടയ്ക്കിടെ കഴുകുന്നതും ശുചിത്വം പാലിക്കുന്നതും രോഗത്തെ അകറ്റിനിർത്താൻ സഹായിക്കും.
