റെക്കോഡ് തകര്‍ച്ചയില്‍ രൂപ ; ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 90 കടന്നു
ഡല്‍ഹി : ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. തുടര്‍ച്ചയായ ആറാം ദിവസവും ഇടിവ് രേഖപ്പെടുത്തിയ രൂപയുടെ മൂല്യം ഒരു ഡോളറിന് 90.21 എന്ന റെക്കോര്‍ഡില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഡോളറിനതിരെ 90 രൂപയെന്ന നിര്‍ണായക നില മറികടന്നത്.
റിസര്‍വ് ബാങ്കിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഈ വര്‍ഷം ഇതുവരെ 5.3% ഇടിവ് നേരിട്ട രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി മാറി. വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധി രൂക്ഷമാക്കി. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തതും സ്ഥിതി വഷളാക്കുന്നു
ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് വിദേശ വിദ്യാഭ്യാസത്തിനും ഇറക്കുമതിക്കും വിദേശയാത്രകള്‍ നടത്തുന്നവര്‍ക്കും തിരിച്ചടിയാകും. യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഡോളറില്‍ ഫീസടയ്ക്കുന്നവര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടാവുക. അതേസമയം, നാട്ടിലേക്കു പണമയക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയുടെ വിലയിടിയുന്നത് നേട്ടമാണ്.
ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നത് വിദേശ പഠനത്തിനു പോകുന്നവര്‍ക്ക് ട്യൂഷന്‍ ഫീസിനത്തിലും ജീവിതച്ചെലവിനത്തിലും കൂടുതല്‍ പണം കണ്ടെത്തേണ്ടി വരും. കഴിഞ്ഞവര്‍ഷം ഡോളറൊന്നിന് 74 മുതല്‍ 76 രൂപ വരെയായിരുന്നു നിരക്ക്. ഇപ്പോഴിത് 86 ഡോളര്‍ കടന്നു. യു.എസ്. സര്‍വകലാശാലയില്‍ 40,000 ഡോളര്‍ ആണ് വര്‍ഷം ഫീസ് എന്നു കണക്കാക്കിയാല്‍ കഴിഞ്ഞവര്‍ഷം 29.60 ലക്ഷം രൂപ മതിയായിരുന്നു. ഇപ്പോഴിത് 34.62 ലക്ഷം രൂപയിലേക്കുയര്‍ന്നിട്ടുണ്ട്. അതായത് ഒരു വര്‍ഷത്തിനിടെ വര്‍ധന അഞ്ചു ലക്ഷം രൂപവരെ. വിദേശ വിദ്യാഭ്യാസത്തിനായി ബാങ്കു വായ്പയെടുത്തിട്ടുള്ളവരാണെങ്കില്‍ അധിക തുകയ്ക്ക് ടോപ് അപ് വായ്പകള്‍ വേണ്ടിവരും. കറന്‍സിയുടെ മൂല്യത്തിലുള്ള വ്യത്യാസം കാരണമുള്ള അധികച്ചെലവിന് ടോപ് അപ് വിദ്യാഭ്യാസ വായ്പ എടുക്കാനാകും. ഇത് പലിശയിനത്തിലടക്കം അധിക ബാധ്യതയുണ്ടാക്കുന്നതാണ്.
വിദേശയാത്ര നടത്തുന്നവര്‍ രൂപയിലാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് പണം നല്‍കുന്നതെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാകില്ല. പകരം ഡോളറിലാണ് ഇടപാടുകളെങ്കില്‍ മൂല്യത്തിലെ വ്യത്യാസമനുസരിച്ച് കൂടുതല്‍ തുക നല്‍കേണ്ടി വരും. ഭാവിയില്‍ യാത്ര നടത്താനിരിക്കുന്നവരില്‍നിന്ന് വിനിമയനിരക്കിലെ വ്യത്യാസമനുസരിച്ചുള്ള അധികത്തുക രൂപയിലടക്കം ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കും. വിദേശത്തുനിന്ന് എന്തെങ്കിലും വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കും ചെലവ് ഉയരും.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ 86 ശതമാനംവരെ ഇറക്കുമതി ചെയ്യുന്നതാണ്. ഇറക്കുമതിക്കുള്ള ഇടപാടുകള്‍ കൂടുതലും ഡോളറിലായതിനാല്‍ ഇറക്കുമതിച്ചെലവ് ഗണ്യമായി കൂടും. അസംസ്‌കൃത എണ്ണയുടെയും സ്വര്‍ണത്തിന്റെയും ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്‍ധന ഉത്പന്നങ്ങളിലും പ്രതിഫലിക്കും. എണ്ണവിലയിലെ വര്‍ധന ഗതാഗതച്ചെലവിലടക്കം പ്രതിഫലിക്കും. ഇത് വിലക്കയറ്റം കുറച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളെയടക്കം ബാധിച്ചേക്കാം.
ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളായ ലാപ്ടോപ്, സ്മാര്‍ട്ട് ഫോണുകള്‍, ടെലിവിഷന്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ചിപ്പുകളടക്കം പല പ്രധാന ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഈ ചെലവിലെ വര്‍ധന ഉത്പന്നത്തിന്റെ വില ഉയരാനിടയാക്കും.
കയറ്റുമതി ചെയ്യുന്നവര്‍ക്കും ഐ.ടി. സേവന കമ്ബനികള്‍ക്കും ഒരു പരിധിവരെ രൂപയുടെ മൂല്യശോഷണം നേട്ടമാണ്. ഡോളറിലാണ് ഇടപാടെങ്കില്‍ കയറ്റുമതിയുടെ പ്രതിഫലമായി കിട്ടുന്ന തുക രൂപയിലേക്കു മാറുമ്ബോള്‍ കൂടുതല്‍ തുക ലഭിക്കും. ഇത് അവരുടെ ലാഭം കൂടാന്‍ സഹായകമാകുന്നു. അതേസമയം, ഇറക്കുമതിക്കു ചെലവു കൂടും.
