November 10, 2025

കേരളം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു, പോളിംഗ് ഡിസംബര്‍ 9,11 തിയതികളില്‍, വോട്ടെണ്ണല്‍ 13 ന്

Share

 

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ചൂട് പകർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനാണ് പ്രഖ്യാപനം നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് 2 ഘട്ടങ്ങളിലായാണ്, ആദ്യഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം ഡിസംബർ 11ന്. കേരളത്തില്‍ പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6വരെയാണ് പോളിങ്.

 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി കണക്കാക്കി, മുന്നണികളെല്ലാം ജീവന്മരണപ്പോരാട്ടമായാണ് ഈ തിരഞ്ഞെടുപ്പിനെ ഏറ്റെടുത്തിരിക്കുന്നത്. കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

 

വാർഡ് വിഭജനത്തിനുശേഷം ആകെ 23,612 വാർഡുകള്‍ ഉണ്ടെങ്കിലും, മട്ടന്നൂരിലെ 36 വാർഡുകള്‍ ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മുൻപ് 21,900 വാർഡുകളായിരുന്നു ഉണ്ടായിരുന്നത്.

 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കും. തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളില്‍ ഡിസംബർ 11-നാണ് തിരഞ്ഞെടുപ്പ് നടക്കുക. വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നവംബർ 14നാണ്. നാമനിർദേശം നല്‍കാനുള്ള അവസാന തീയതി നവംബർ 21ഉം, സൂക്ഷ്മപരിശോധന നവംബർ 22ഉം, നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24ഉം ആണ്.

 

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് തന്നെ മുന്നണികള്‍ പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണത്തില്‍ മുന്നിലോടുകയാണ് യു.ഡി.എഫ്. സർക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചാരണായുധമാക്കി വോട്ട് ഉറപ്പിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമം.

 

നിയമസഭയില്‍ എട്ട് സീറ്റുകളെങ്കിലും ലക്ഷ്യമിടുന്ന എൻ.ഡി.എ., ആദ്യപടിയായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടും സീറ്റുകളും നേടാനുള്ള പ്രവർത്തനത്തിലാണ്. കേരളം പൂർണ്ണമായും പ്രാദേശിക രാഷ്ട്രീയ പോരാട്ടങ്ങളുടെ ചൂടിലേക്ക് കടക്കും.

 

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കി. വോട്ടെടുപ്പിനുള്ള പോളിങ് സ്റ്റേഷനുകളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നു.

 

ആകെ 33,746 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാകും. 1,37,922 ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 50,691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും രംഗത്തുണ്ടാകുക. വോട്ടെടുപ്പിനായി 1,249 റിട്ടേണിങ് ഓഫീസർമാരുണ്ടാകും.നിലവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ പോലും, മട്ടന്നൂർ മുനിസിപ്പാലിറ്റിയിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

 

സംസ്ഥാനത്തെ നിലവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണപരമായ ശക്തിവിവരക്കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫിനാണ് വ്യക്തമായ മേല്‍ക്കൈ.

 

ആകെയുള്ള ആറ് കോർപ്പറേഷനുകളില്‍ അഞ്ചിടത്തും ഭരണം ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകള്‍ എല്‍.ഡി.എഫ്. ഭരിക്കുമ്ബോള്‍, കണ്ണൂരില്‍ മാത്രമാണ് യു.ഡി.എഫിന് ഭരണമുള്ളത്. സംസ്ഥാനത്തെ 87 നഗരസഭകളില്‍ 44 എണ്ണവും ഇടതുമുന്നണിയും 41 എണ്ണം യു.ഡി.എഫും ഭരിക്കുന്നു. പാലക്കാട്, പന്തളം എന്നീ രണ്ട് നഗരസഭകളില്‍ ബി.ജെ.പിയാണ് ഭരണത്തില്‍.

 

14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്തും ഭരണം ഇടത് മുന്നണിക്കാണ്. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യു.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഭരണമുള്ളത്.കൂടാതെ, ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 113 എണ്ണത്തിലും എല്‍.ഡി.എഫാണ് ഭരണത്തില്‍. യു.ഡി.എഫ്. ഭരിക്കുന്നത് 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 941 ഗ്രാമ പഞ്ചായത്തുകളില്‍ 571 എണ്ണം എല്‍.ഡി.എഫ്. ഭരിക്കുമ്ബോള്‍, 351 പഞ്ചായത്തുകളിലാണ് യു.ഡി.എഫ്. ഭരണമുള്ളത്. എൻ.ഡി.എ.ക്ക് 12 ഗ്രാമപഞ്ചായത്തുകളിലും മറ്റുള്ളവർക്ക് 7 പഞ്ചായത്തുകളിലും ഭരണസാരഥ്യമുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.