November 6, 2025

കല്ലൂരിൽ വാഹനം തടഞ്ഞു നിര്‍ത്തി കവർച്ച : സഹായി പിടിയില്‍

Share

 

ബത്തേരി: ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടില്‍ രാജന്‍(61)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. വാഹനം കവര്‍ച്ച ചെയ്തു കൊണ്ടുവരുന്നതിനും പൊളിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും പ്രതികളെ ഒളിപ്പിക്കുന്നതിനും വേണ്ട സഹായമാണ് ഇയാള്‍ ചെയ്തു നല്‍കിയത്. പൊളിച്ച് ഉപേക്ഷിച്ച വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്. 2010-ൽ നാടൻ തോക്ക് പിടിച്ച സംഭവത്തിലും, 2016ൽ അളവിൽ കൂടുതൽ മദ്യം പിടിച്ച കേസിലും പുൽപ്പള്ളി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞ് പണവും സ്വര്‍ണവും വിലയേറിയ മുതലുകളും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരാകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. നവംബര്‍ നാലിന് രാത്രിയാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബാംഗ്‌ളൂരില്‍ പോയി തിരിച്ചു വരവെ ഈ സംഘം പിന്തുടരുകയായിരുന്നു. കല്ലൂര്‍ 67 പാലത്തിന് സമീപംവെച്ച് ഇന്നോവ വാഹനം തടഞ്ഞുനിര്‍ത്തി ഹാമര്‍ കൊണ്ട് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചു പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി പുറത്തിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വാഹനവും ലാപ്‌ടോപ്പ്, ടാബ്, മൊബൈൽഫോണ്‍, ബാഗുകള്‍ തുടങ്ങിയ മുതലുകളും കവരുകയായിരുന്നു.

 

തുടര്‍ന്ന് കോഴിക്കോട് സ്വദേശികള്‍ ബത്തേരി സ്‌റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വാഹനം പാടിച്ചിറ വില്ലേജിലെ തറപ്പത്തുകവലയിലെ റോഡരികില്‍ തല്ലിപൊളിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയും രാജനെ പിടികൂടുകയുമായിരുന്നു. പ്രതികള്‍ വാഹനവുമായി രാജന്റെ സീതാമൗണ്ടിലെ വീട്ടിലെത്തിച്ച് പണവും മറ്റു മുതലുകളും കണ്ടെത്തുന്നതിനായി പൊളിച്ചു പരിശോധിക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു. രാജന്റെ വീട് പരിശോധിച്ചപ്പോള്‍ പരാതിക്കാരന്റെ ട്രോളി ബാഗും വസ്ത്രങ്ങളും വാഹന പാര്‍ട്‌സും കണ്ടെത്തി. ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായര്‍, എസ്.ഐ രാംകുമാര്‍, എ.എസ്.ഐ ഗോപാലകൃഷ്ണന്‍, എസ്.സി.പി.ഒമാരായ മുസ്തഫ, പ്രജീഷ്, രജീഷ്, ഫിറോസ്, രവീന്ദ്രന്‍, സി.പി.ഒമാരായ സിജോ, നിയാദ്, ഡോണിത്ത്, അനിത്ത്, അജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.