October 30, 2025

വ്യാജ ഓൺലൈൻ ട്രെഡിങ് വഴി 77 ലക്ഷം തട്ടി ; ഹരിയാന സ്വദേശി വയനാട് സൈബർ പോലീസിന്റെ പിടിയിൽ

Share

 

കൽപ്പറ്റ : ഓൺലൈൻ ഷെയർ ട്രെഡിങ് നടത്തി പണം നൽകാം എന്ന് വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശി വയനാട് സൈബർ പോലീസിന്റെ പിടിയിലായി. ഹരിയാന, ഗുരുഗ്രാം സ്വദേശിയായ വിനീത് ചദ്ധ (58) യെ ആണ് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ ഗുരുഗ്രാം കോടതിയിൽ ഹാജരാക്കി വയനാട്ടിൽ എത്തിച്ചു.

 

കഴിഞ്ഞ ജൂണിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓൺലൈൻ ട്രെഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. യുവതി അയച്ചു നൽകിയ ആപ്പ് വ്യാജമാണെന്ന് അറിയാതെ ഇൻസ്റ്റാൾ ചെയ്തു ട്രെഡിങ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ലാഭം അടങ്ങിയ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും പണം അടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണ് എന്ന് മനസിലായത്. തുടർന്ന് സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.

 

പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് കേസ് അന്വേഷിച്ച സൈബർ പോലീസ് മനസിലാക്കി. പിന്നീട്, പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചില വിദേശ കമ്പനികൾക്ക് വേണ്ടിയാണ് ഇയാൾ പണം കൈമാറ്റം ചെയ്തത് എന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മനസ്സിലായി. അന്വേഷണ സംഘത്തിൽ സൈബർ സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ റസാഖ്, എസ്.സി.പി.ഓ മാരായ കെ. അബ്ദുൾ സലാം, എ.ആയിഷ, വി.കെ ശശി എന്നിവരും ഉണ്ടായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.