പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘം പിടിയിൽ
പുൽപ്പള്ളി : ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
ഇരുളം വെളുത്തേരി കുന്ന് ഉന്നതി സ്വദേശികളായ സനീഷ് (23), അപ്പു (60), ബിനീഷ് കുമാർ (29), രാജൻ (55), പിലാക്കാവ് സ്വദേശികളായ തറാട്ട് പ്രജിത്ത് (26), മീത്തയിൽ അജേഷ് (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മാനിറച്ചിയും വേട്ടയ്ക്കുപയോഗിച്ച കത്തികളും കുരുക്കും കണ്ടെടുത്തിട്ടുണ്ട്.
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി. സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്. അജീഷ്, എം.എസ്. സത്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
