October 27, 2025

ചെറു വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും ഇനി പെട്ടെന്നു പെര്‍മിറ്റ് ; വരുന്നു ഇരുന്നൂറിലേറെ കെട്ടിടനിര്‍മാണച്ചട്ട ഭേദഗതികള്‍

Share

 

തിരുവനന്തപുരം : ഉയരം നോക്കാതെ തന്നെ ഇരുനില വീടുകള്‍ക്ക് ഇനി ഉടൻ കെട്ടിടപെർമിറ്റ് നല്‍കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ.300 ചതുരശ്ര മീറ്റർ (ഏകദേശം 3229 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീടുകള്‍ക്ക് അപേക്ഷിച്ചാലുടൻ അനുമതി നല്‍കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കെട്ടിടനിർമാണ ചട്ടങ്ങളില്‍ വിപുലമായ ഭേദഗതികള്‍ തയ്യാറായിരിക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കഴിഞ്ഞാല്‍ വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ഇപ്പോള്‍ ഏഴു മീറ്റർ ഉയരമുള്ള വീടുകള്‍ക്കാണ് സെല്‍ഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്നത്. പുതിയ ഭേദഗതിയോടെ ഉയരം സംബന്ധിച്ച നിയന്ത്രണം നീങ്ങി, വിസ്തീർണ്ണമാണ് നിർണായക ഘടകം. ഇതോടെ കൂടുതല്‍ വീടുടമകള്‍ക്ക് എളുപ്പത്തില്‍ അനുമതി ലഭിക്കും.

 

വാണിജ്യ കെട്ടിടങ്ങള്‍ക്കും വലിയ ഇളവ്. നിലവില്‍ 100 ചതുരശ്ര മീറ്റർ (1076.39 ചതുരശ്ര അടി) വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കാണ് ഉടൻ പെർമിറ്റ് ലഭിക്കുന്നത്. പുതിയ ചട്ടപ്രകാരം ഇത് 250 ചതുരശ്ര മീറ്റർ (2690.98 ചതുരശ്ര അടി) വരെ ഉയർത്തും. ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കും സംരംഭകർക്കും ഇതിലൂടെ വലിയ ആശ്വാസം.

 

വ്യവസായ മേഖലയിലും മാറ്റങ്ങള്‍. ജി ഒന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിലുള്ള, 200 ചതുരശ്ര മീറ്റർ (2152.78 ചതുരശ്ര അടി) വരെ വിസ്തൃതിയുള്ള വ്യവസായ കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാല്‍ ഉടൻ പെർമിറ്റ് ലഭിക്കും.

 

മൊത്തം 117 ചട്ടങ്ങളില്‍ 200-ലേറെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി സമഗ്രപരിഷ്‌കരണമാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ അവസ്ഥയും ജനസാന്ദ്രതയും കണക്കിലെടുത്താണ് പുതിയ ഇളവുകള്‍. തദ്ദേശ അദാലത്തുകളിലും നവകേരള സദസ്സുകളിലും ഉയർന്ന ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ നീക്കം.


Share
Copyright © All rights reserved. | Newsphere by AF themes.