ബേഗൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികളായ രണ്ടുപേർക്ക് ദാരുണാന്ത്യം : പരിക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍
ബത്തേരി: കര്‍ണാടക ഗുണ്ടല്‍പേട്ടിനടുത്ത് ബേഗൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കമ്പളക്കാട് കരിഞ്ചേരി വീട്ടില്‍ അബ്ദുള്‍ ബഷീര്‍(54), ബഷീറിന്റെ സഹോദരീപുത്രന്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഫീറ(28) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ഷാഫി, മകന്‍ ഹൈസം ഹാനാന്‍(1), ബഷീറിന്റെ ഭാര്യ നസീമ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മൈസൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. തായ്‌ലന്‍ഡ് സന്ദര്‍ശനം കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു കുടുംബം. മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടയില്‍ എതിര്‍ദിശയില്‍ കരിങ്കല്ലുമായി വന്ന ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
