October 18, 2025

സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ് ; നവംബര്‍ ഒന്നു മുതല്‍ സ്ത്രീകള്‍ക്ക് വമ്പൻ ഓഫറുമായി സപ്ലൈക്കോ

Share

 

തിരുവനന്തപുരം : നവംബർ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. സപ്ലൈകോ നിലവില്‍ നല്‍കുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയില്‍ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയില്‍ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തില്‍ ഇതിനനുസൃതമായ മാർക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

നവംബർ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകള്‍ക്ക് 20 കിലോഗ്രാം അരി നല്‍കും. നിലവില്‍ ഇത് 10 കിലോഗ്രാം ആണ്. സപ്ലൈകോയിലെ ഉപഭോക്താക്കള്‍ക്ക് പ്രിവിലേജ് കാർഡുകള്‍ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിന്റുകള്‍ ലഭിക്കുകയും, ഈ പോയിന്റുകള്‍ വഴി പിന്നീടുള്ള പർച്ചേസുകളില്‍ വിലക്കുറവ് ലഭിക്കുകയും ചെയ്യും.

 

ഈ സാമ്ബത്തിക വർഷത്തില്‍ 30 മാവേലി സ്റ്റോറുകള്‍ സൂപ്പർമാർക്കറ്റുകളും, 15 മാവേലി സ്റ്റോറുകള്‍ സൂപ്പർ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോള്‍ പമ്ബുകള്‍ ആരംഭിക്കും. ഈ വർഷം ഡിസംബർ മാസത്തോടെ തലശ്ശേരി, എറണാകുളം, കോട്ടയം സൂപ്പർമാർക്കറ്റുകള്‍ ആധുനിക ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടുകള്‍ ആക്കും. ജിഎസ്ടി പുനക്രമീകരണം വന്നപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായ വിലക്കുറവിന്റെ ആനുകൂല്യം സപ്ലൈകോ പൂർണ്ണ തോതില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ മറ്റു വില്പനശാലകളില്‍ കൂടി വിപണനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മില്ലുടമകളുമായി ധാരണയില്‍ എത്തിയതിനുശേഷം നെല്ല് സംഭരിച്ച്‌ പ്രോസസ് ചെയ്ത് സപ്ലൈകോ വില്പന ശാലകള്‍ വഴി വിപണനം ചെയ്യുന്നതും പരിഗണനയിലുണ്ട്.

 

സമാപന സമ്മേളന ഉദ്ഘാടനചടങ്ങില്‍ കെ എൻ ഉണ്ണികൃഷ്ണൻ എംഎല്‍എ അധ്യക്ഷനായിരുന്നു. ജയകൃഷ്ണൻ വി എം സപ്ലൈകോയുടെ ഭാവി പരിപാടികള്‍ അടങ്ങിയ വിഷൻ-30 അവതരിപ്പിച്ചു. സപ്ലൈകോ മുൻ മാനേജിംഗ് ഡയറക്ടർമാരായ ജിജി തോംസണ്‍, എം എസ് ജയ, പി എം അലി അസ്ഗർ പാഷ, ഡോ. സഞ്ജീബ് പട്ജോഷി, ഡോ. ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ മുൻ മാനേജിംഗ് ഡയറക്ടർമാർ, മുൻ ജനറല്‍ മാനേജർമാർ ആർ. വേണുഗോപാല്‍, ബി. അശോകൻ, മുൻ വിജിലൻസ് ഓഫീസർമാർ ബേസില്‍ ജോസഫ്, ഇ. എം ഷംസു ഇല്ലിക്കല്‍, ടോമി സെബാസ്റ്റ്യൻ, സി എസ് ഷാഹുല്‍ ഹമീദ് തുടങ്ങിയവരെ ആദരിച്ചു.

 

സപ്ലൈകോ ഓണം ലക്കി ഡ്രോ ഒന്നാം സമ്മാനം ഒരു പവൻ സ്വർണം ഇടുക്കി സ്വദേശി തേയിലത്തോട്ട തൊഴിലാളിയായ മുനിയമ്മയ്ക്ക് മന്ത്രി സമ്മാനിച്ചു. രണ്ടാം സമ്മാനമായ ലാപ്ടോപ്പ് തൃശ്ശൂർ സ്വദേശി എ കെ രത്നം, വടകര സ്വദേശി ആദിദേവ് സി വി, മൂന്നാം സമ്മാനമായ സ്മാർട്ട് ടിവി കണ്ണൂർ സ്വദേശിനി രമ്യ ചന്ദ്രൻ എന്നിവർക്ക് സമ്മാനിച്ചു. ഓണം ലക്കി ഡ്രോ ജില്ലാതല സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.