October 14, 2025

കൈവിട്ട് കേന്ദ്ര സര്‍ക്കാര്‍ ; ചൂരല്‍മല – മുണ്ടക്കൈ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം

Share

 

വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

 

പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദ്ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകള്‍ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ കേന്ദ്രം ഇടപെടരുതെന്നാണ് 2015ലെ തീരുമാനമെന്നും ദുരന്ത നിവാരണ ചട്ടം അനുസരിച്ചായാലും ബാങ്കുകള്‍ക്ക് നിർദ്ദേശം നല്‍കാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രം അറിയിച്ചു.

 

മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിതള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ച്‌ വായ്പ എഴുതിതള്ളുന്നതിന് അടക്കം സാഹചര്യമുണ്ടെന്നും കേരള ബാങ്ക് വായ്പ പൂർണമായും എഴുതി തള്ളിയതായും മറ്റ് ബാങ്കുകള്‍ക്ക് ഈ മാതൃക സ്വീകരിക്കാനാകില്ലേ എന്നും ഹൈക്കോടതി ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചിരുന്നു.

 

എന്നാല്‍ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിച്ച്‌ വായ്പ പുനഃക്രമീകരണം നടത്താൻ മാത്രമോ സാധിക്കുവെന്നുമാണ് കേന്ദ്രം അറിയിച്ചിരുന്നത്. കേന്ദ്രത്തിൻറെ ഈ നിലപാടിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണ് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത എല്‍ബിസി യോഗം തീരുമാനിച്ചതെന്നും സംസ്ഥാന സർക്കാർ രേഖകള്‍ സഹിതം കോടതിയെ അറിയിച്ചിരുന്നു.

 

ദേശിയ ദുരന്ത നിവാരണ നിയമത്തിലെ 13ാം വകുപ്പ് അനുസരിച്ച്‌ വായ്പ എഴുതിത്തള്ളാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം ഇപ്പോഴും തുടരുന്നത്. മുണ്ടക്കൈ- ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതിയുടെ പരിധിയില്‍ വരാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.