എരനെല്ലൂരിൽ യുവാവിന് നേരെ വർക്ക്ഷോപ്പ് ജീവനക്കാരുടെ ക്രൂര മർദ്ദനം

പനമരം : എരനെല്ലൂരിൽ യുവാവിന് നേരെ വർക്ക്ഷോപ്പ് ജീവനക്കാരുടെ മർദ്ദനം. എരനെല്ലൂർ പുളിമരം സ്വരൂപിനെയാണ് വീട്ടുമുറ്റത്ത് നടത്തുന്ന വർക്ക്ഷോപ്പിലെ ജീവനക്കാർ ക്രൂരമായി തല്ലിചതച്ചത്. മുഖത്തും ചെവിക്കും തലയിലും നട്ടെല്ലിനും പരിക്കേറ്റ സ്വരൂപ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ ജീവനക്കാരാണ് സ്ഥലത്തിൻ്റെ ഉടമയെ മർദ്ദിച്ചത്.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയത് സ്വൈര്യജീവിതത്തിനും ഉറങ്ങാനും തടസമാകുന്നതായി പരാതിപ്പെട്ടതിനാലാണ് തന്നെ ക്രൂരമായി കമ്പിയും, പലകയും എടുത്ത് തലയ്ക്ക് അടിക്കുകയും വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് സ്വരൂപ് പറഞ്ഞു. ബഹളം കേട്ട് പിതാവ് മനോജ് പുറത്തിറങ്ങിയപ്പോഴേക്കും മകൻ അടിയേറ്റ് ബോധരഹിതനായ അവസ്ഥയിലായിരുന്നു. സംഭവത്തിൽ ജീവനക്കാരായ നാലുപേർക്കെതിരേ പനമരം പോലീസ് കേസ്സെടുത്തിട്ടുണ്ട്.