കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന് കേന്ദ്രാനുമതി

കല്‍പ്പറ്റ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു. സംസ്ഥാനതല അനുമതി നേരത്തെ ലഭിച്ചിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെൻററിന് കേന്ദ്ര അനുമതി ലഭിച്ചത്.
കല്‍പ്പറ്റ വയനാട് ജില്ലയുടെ ആസ്ഥാനമായിട്ടും ഒരു ബ്ലഡ് ബാങ്ക് ഉണ്ടായിരുന്നില്ല. കല്‍പ്പറ്റ മുനിസിപ്പാലിറ്റി നീതി ആയോഗ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021-22 വർഷത്തില്‍ ഒരു കോടി രൂപ ചിലവിലാണ് ബ്ലഡ് സെൻ്റർ നിർമ്മാണം പൂർത്തിയാക്കിയത്. കേന്ദ്ര അനുമതി ലഭിച്ചതോടെ ഉടൻതന്നെ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് തന്നെ കേന്ദ്ര അനുമതി ലഭിച്ചത് ഏറെ സന്തോഷം ഉണ്ടാക്കുന്നുവെന്ന് തവണ രക്തം ദാനം ചെയ്യുകയും ബ്ലഡ് ബാങ്ക് വേണമെന്ന് ആവശ്യം ആദ്യമായി ഉന്നയിക്കുകയും ചെയ്ത പൊതുപ്രവർത്തകൻ മാടായി ലത്തീഫ് പറഞ്ഞു. കല്‍പ്പറ്റയില്‍ ബ്ലഡ് സെന്റർ ആരംഭിക്കുന്നത് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ആശ്വാസകരമായ കാര്യമാണ്.