ഇന്ന് വിജയദശമി : അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

കൽപ്പറ്റ : ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്
ജാതിമതഭേദമന്യേ കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും കുരുന്നുകള്‍ അക്ഷരലോകത്തേക്ക് കടക്കുന്ന ദിവസം കൂടിയാണിന്ന്. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയത്തെയാണ് ദസറ അല്ലെങ്കില്‍ വിജയ ദശമി. കര്‍മ്മത്തിന്റെ പ്രാധാന്യമാണ് വിജയ ദശമി ദിനം ഓര്‍മ്മപ്പെടുത്തുന്നത്.
ഇന്ന് പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്താനുള്ള ആളുകളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രന്ഥാലയങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സാഹിത്യ സാമൂഹിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. പൊന്നു തൊട്ട് നാവില്‍ അക്ഷര മധുരം ഏറ്റുവാങ്ങിയാണ് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. ഭാഷ പിതാവിന്റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്ബില്‍ പാരമ്ബര്യ എഴുത്താശാന്‍മാരും കവികളും സാഹിത്യകാരന്മാരുമാണ് കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.
രാവണനെതിരെയുള്ള ശ്രീരാമന്റെ വിജയവും മഹിഷാസുരനെതിരെ ദുര്‍ഗാദേവി നേടിയ വിജയവും ഈ ദിനം അടയാളപ്പെടുത്തുന്നുവെന്നാണ് വിശ്വാസം. ധീരതയുടെയും വിശ്വാസത്തിന്റെയും സത്യത്തിന്റെ വിജയത്തിന്റെയും പ്രതീകമായി കൂടിയാണ് ഈ ദിനം. വിജയദശമി ദിനം വിദ്യാഭ്യാസത്തിന് ശുഭകരമായ ദിനമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തില്‍ വിദ്യയുടെ ദേവതയായ സരസ്വതിയെ ആരാധിക്കുന്നു. നവരാത്രിയുടെ അവസാന ദിനമായ വിജയദശമി, ജ്ഞാനത്തിന്റെയും വിദ്യയുടെയും ആരംഭത്തിന് ഏറ്റവും മികച്ച സമയമായും വിശ്വാസികള്‍ കരുതുന്നു. ഈ ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നത് വിജയകരവും ജ്ഞാനപ്രദവുമാകുമെന്നാണ് വിശ്വാസം. സരസ്വതി ദേവിയുടെ അനുഗ്രഹത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിയും ജ്ഞാനവും ലഭിക്കുമെന്നും കരുതപ്പെടുന്നു.
വിജയദശമി ദിനത്തില്‍ ഉപകരണങ്ങളും ആയുധങ്ങളും പൂജിക്കുന്ന ചടങ്ങും ഉണ്ട്. ആ ആയുധങ്ങളും ഉപകരണങ്ങളും കൊണ്ട് ജീവിതം നയിക്കുന്നവര്‍ക്ക് അവയുടെ ഉപയോഗത്തില്‍ വിജയവും സുരക്ഷയും ലഭിക്കാാന്‍ ആയുധ പൂജകള്‍ സഹായിക്കുമെന്നാണ് വിശ്വാസം. കുട്ടികളെ മൂന്നാം വയസ്സിലാണ് എഴുത്തിനിരുത്തുന്നത്. നവരാത്രിയുടെ അവസാന ദിവസമായ വിജയ ദശമി നാളില്‍ പ്രഭാതത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്. ക്ഷേത്രങ്ങളില്‍ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്, വിശേഷിച്ചു ഭഗവതി ക്ഷേത്രങ്ങളില്‍ ഈ ചടങ്ങ് ഏറ്റവും പ്രധാനമാണ്.
സാധാരണയായി ഗണപതിയെയും പിന്നീട് വിദ്യാദേവതയായ സരസ്വതിയേയും പ്രാര്‍ഥിച്ച ശേഷം ‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് നാവില്‍ എഴുതിയാണ് വിദ്യാരംഭം നടത്താറുള്ളത്.