October 4, 2025

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ – പാക് ഫൈനല്‍ : ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്താൻ

Share

 

ദുബായ് : ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാന്‍ പോകുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ഞായറാഴ്ചയാണ് ഫൈനല്‍.

 

ബംഗ്ലാദേശിനെ 11 റണ്‍സിനാണ് പാകിസ്താന്‍ കീഴടക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ ആയുള്ളൂ. പാകിസ്താനായി ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും മൂന്നുവീതം വിക്കറ്റെടുത്തു.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ പര്‍വേസ് ഹൊസൈന്റെ വിക്കറ്റ് നഷ്ടമായി. താരം ഡക്കായി മടങ്ങി. പിന്നീട് സെയ്ഫ് ഹസ്സന്‍ ബൗണ്ടറികളുമായി സ്‌കോറുയര്‍ത്തി. എന്നാല്‍ തൗഹിദ് ഹൃദോയിയേയും പുറത്താക്കി ഷഹീന്‍ അഫ്രീദി പാകിസ്താന് മികച്ച തുടക്കം സമ്മാനിച്ചു. അഞ്ച് റണ്‍സ് മാത്രമാണ് ഹൃദോയ് നേടിയത്. സെയ്ഫ് ഹസ്സന്‍രെ വിക്കറ്റ് ഹാരിസ് റൗഫും വീഴ്ത്തിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. ടീം 29-3 എന്ന നിലയിലായി.

 

ആറോവര്‍ അവസാനിക്കുമ്ബോള്‍ 36-3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. പിന്നാലെ പാക് ബൗളര്‍മാര്‍ പിടിമുറുക്കി. അതോടെ ബംഗ്ലാദേശിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. 11 റണ്‍സെടുത്ത് മഹദി ഹസന്‍ പുറത്തായി. അഞ്ചാം വിക്കറ്റില്‍ നുറുള്‍ ഹസനും ഷമിം ഹൊസൈനും ചേര്‍ന്ന് ടീമിനെ അമ്ബത് കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 63-ല്‍ നില്‍ക്കേ നുറുള്‍ ഹസന്‍ കൂടാരം കയറി. 16 റണ്‍സെടുത്ത താരത്തെ സയിം അയൂബാണ് പുറത്താക്കിയത്. നായകന്‍ ജേക്കര്‍ അലിയും (5) നിരാശപ്പെടുത്തി. ഷമിം ഹൊസൈൻ 30 റണ്‍സെടുത്തു. ഒടുക്കം 124-9 ന് ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിച്ചു. അതോടെ പാകിസ്താൻ ഫൈനല്‍ ടിക്കറ്റെടുത്തു.ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സഹിബ്‌സാദ ഫര്‍ഹാന്‍ പുറത്തായി. നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്ബാദ്യം. പിന്നാലെ സയിം അയൂബും കൂടാരം കയറി. അതോടെ ടീം 5-2 എന്ന നിലയിലായി. മൂന്ന് പന്ത് നേരിട്ട അയൂബ് ഡക്കായി മടങ്ങി. ഏഷ്യാകപ്പില്‍ ഇത് നാലാം തവണയാണ് അയൂബ് ഡക്കായി മടങ്ങുന്നത്.

 

മൂന്നാം വിക്കറ്റില്‍ ഫഖര്‍ സമാനും സല്‍മാന്‍ ആഗയും ചേര്‍ന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രദ്ധയോടെ ബംഗ്ലാദേശ് ബൗളര്‍മാരെ നേരിട്ട ഇരുവരും സ്‌കോറുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 29-ല്‍ നില്‍ക്കേ ഫഖര്‍ സമാന്‍ പുറത്തായി. 20 പന്തില്‍ നിന്ന് 13 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചാമനായി ഇറങ്ങിയ ഹുസൈന്‍ താലത്ത് മൂന്ന് റണ്‍സ് മാത്രമെടുത്ത് കൂടാരം കയറി. നായകന്‍ സല്‍മാന്‍ ആഗ 19 റണ്‍സെടുത്ത് പുറത്തായി. അതോടെ പാകിസ്താന്‍ 10.5 ഓവറില്‍ 49-5 എന്ന നിലയിലേക്ക് വീണു.

 

കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ പേസര്‍ ഷഹീന്‍ അഫ്രീദിയെയാണ് പിന്നീട് പാകിസ്താന്‍ ബാറ്റിങ്ങിനിറക്കിയത്. ഷഹീന്‍ പതിവുപോലെ അടിച്ചുകളിച്ചതോടെ പാകിസ്താന്‍ സ്‌കോര്‍ 70-കടന്നു. 13 പന്തില്‍ നിന്ന് രണ്ട് സിക്‌സിന്റെ അകമ്ബടിയോടെ താരം 19 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ മുഹമ്മദ് നവാസുമായി ചേര്‍ന്ന് മുഹമ്മദ് ഹാരിസ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ നൂറുകടത്തിയത്. ഹാരിസ് 23 പന്തില്‍ നിന്ന് 31 റണ്‍സെടുത്തപ്പോള്‍ നവാസ് 15 പന്തില്‍ നിന്ന് 25 റണ്‍സെടുത്തു. ഒടുക്കം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിന് പാക് ഇന്നിങ്‌സ് അവസാനിച്ചു. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് മൂന്നുവിക്കറ്റെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.