September 19, 2025

ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍

Share

 

ദുബായ്: രാഷ്‌ട്രീയ വൈരത്തില്‍പ്പൊതിഞ്ഞ ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റ് ഏറ്റുമുട്ടലിന്‍റെ അലയൊലികള്‍ അവസാനിക്കുന്നതിനു മുമ്ബ് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്ബുകോര്‍ക്കാനുള്ള അരങ്ങൊരുങ്ങി.2025 ഏഷ്യ കപ്പ് ഗ്രൂപ്പ് എയില്‍ ഈ മാസം 14നു നടന്ന മത്സരത്തില്‍ ക്യാപ്റ്റന്മാരായ സൂര്യകുമാര്‍ യാദവും സല്‍മാന്‍ അലി അഗയും ടോസിനുശേഷവും, മത്സരശേഷം ടീം അംഗങ്ങള്‍ തമ്മിലും ഹസ്തദാനം നല്‍കാത്തതിനെത്തുടര്‍ന്നുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

 

ഹസ്തദാന വിവാദം നീറിപ്പുകയുന്ന ഒരു ആഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും; എരിതീയിലേക്കുള്ള എണ്ണയായി ഇന്ത്യ x പാക് ‘വാര്‍ 2’ മാറുമെന്നതില്‍ തര്‍ക്കമില്ല.

 

ഇന്ത്യ x പാക്; ഞായറാഴ്ച

 

സൂപ്പര്‍ ഫോറിലാണ് ഇന്ത്യ x പാക്കിസ്ഥാന്‍ ഗള്‍ഫ് യുദ്ധത്തിന്‍റെ രണ്ടാം പതിപ്പ് അരങ്ങേറുന്നത്. ഞായറാഴ്ച ദുബായില്‍ രാത്രി 8.00നാണ് മത്സരം. സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ആദ്യ മത്സരമാണിത്. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്താല്‍ 28നു നടക്കുന്ന ഫൈനലിലും ഇന്ത്യക്കും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഇറങ്ങാനുള്ള സാധ്യതയുണ്ട്.

 

ചിരവൈരികളെങ്കിലും സമാനതകളില്ലാത്ത ക്രിക്കറ്റ് വൈരമാണ് 2025 ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അരങ്ങേറുന്നത്. പതിറ്റാണ്ടുകളായ ഐസിസി, എസിസി പോരാട്ടങ്ങളില്‍ മാത്രമായാണ് ഇന്ത്യ x പാക് മത്സരം നടക്കുന്നതെങ്കിലും, കളിക്കാര്‍ മൈതാനത്ത് സൗഹൃദങ്ങള്‍ പങ്കിട്ടിരുന്ന ചരിത്രം ഏഷ്യ കപ്പോടെ അന്യംനിന്നെന്ന സൂചനയാണ് 2025 ഏഷ്യ കപ്പില്‍നിന്ന് ഇതുവരെ ലഭിക്കുന്നത്.

 

യുഎഇയെ കീഴടക്കി

 

ഗ്രൂപ്പ് എയിലെ ആദ്യ രണ്ടു മത്സരങ്ങളും (യുഎഇക്ക് എതിരേ 9 വിക്കറ്റിനും പാക്കിസ്ഥാനെതിരേ 7 വിക്കറ്റിനും) ജയിച്ചതോടെ ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യക്കു പിന്നാലെ ഗ്രൂപ്പില്‍നിന്ന് സൂപ്പര്‍ ഫോറിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിച്ചത് യുഎഇ x പാക്കിസ്ഥാന്‍ പോരാട്ടമാണ്.

 

ഇന്ത്യക്കെതിരായ ഹസ്തദാന വിവാദത്തിനു കാരണമായെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്ന, മാച്ച്‌ റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് യുഎഇക്ക് എതിരായ മത്സരത്തിനു മുമ്ബ് പാക്കിസ്ഥാന്‍ ടീം ഹോട്ടലില്‍നിന്നു കൃത്യസമയത്ത് ഇറങ്ങാന്‍ കൂട്ടായിരുന്നില്ല.

 

ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍, യുഎഇയെ 41 റണ്‍സിനു കീഴടക്കിയാണ് പാക്കിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തോടെ സൂപ്പര്‍ ഫോറിലേക്ക് എത്തിയത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 20 ഓവറില്‍ 146/9. യുഎഇ 17.4 ഓവറില്‍ 105.

 

14 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയും ചെയ്ത പാക്കിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്‌.

 


Share
Copyright © All rights reserved. | Newsphere by AF themes.