പുതിയ പരിഷ്കാരവുമായി കെഎസ്‌ഇബി ; വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി മുതല്‍ പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം

വൈദ്യുതി ബില്ലടയ്ക്കുന്ന രീതിയില്‍ പുതിയ പരിഷ്കാരവുമായി കെഎസ്‌ഇബി. ബില്‍ അടയ്ക്കുമ്ബോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനാണ് കെഎസ്‌ഇബി തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി ബില്‍ 1000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ആ തുക ഓണ്‍ലൈൻ ആയി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
അതേസമയം, ഒരു കെഎസ്‌ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഇനി മുതല്‍ ഒരെണ്ണം മാത്രമേ ഉണ്ടാകൂ. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് കൗണ്ടറുകള്‍ കുറയ്ക്കുന്നത്. അധികംവരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്‌ഇബി അറിയിച്ചു.
വൈദ്യുതി ബില്‍ അടയ്ക്കാനായുള്ള സമയക്രമത്തിലും മാറ്റം വരുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം 6 വരെയാണ് സാധാരണയായി പണം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 3 വരെ മാത്രമാകും ഇനി ബില്ല് അടയ്ക്കാനാവുക.