യുപിഐയില്‍ വമ്പൻ മാറ്റം വരുന്നു ; ഇനി 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകള്‍ നടത്താം

ഡല്‍ഹി : ഇന്ത്യ പുതിയ ഡിജിറ്റല്‍ യുഗത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇപ്പോള്‍ ഇതാ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അതായത് യുപിഐയില്‍ പുതിയ മാറ്റങ്ങള്‍ വരികയാണ്. ഇനി 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകള്‍ യുപിഐ വഴി നടത്താം. കൂടാതെ വ്യക്തിഗത ഇടപാടുകളുടെ പരിധി ഒരു ലക്ഷമായും ഉയർത്തിയിട്ടുണ്ട്.
സെപ്റ്റംബർ 15 മുതലാണ് ഈ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുന്നത്. ആദായനികുതി റിട്ടേണുകള്‍ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആയതിനാലാണ് നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഈ തീരുമാനം എടുത്തത്. നികുതി പേയ്‌മെന്റ് വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് യുപിഐ വഴി 10 ലക്ഷം രൂപയുടെ വരെ ഇടപാടുകള്‍ നടത്താൻ കഴിയുക.
ഇതോടൊപ്പം തന്നെ മറ്റ് 12 വിഭാഗങ്ങളിലും 24 മണിക്കൂറിലെ ഓരോ ഇടപാടിനും ആകെ ഇടപാട് പരിധിയും വർദ്ധിപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ തമ്മിലുള്ള (ബിസിനസ് അല്ലാത്തതോ വ്യക്തിഗതമോ) ഇടപാടുകള്‍ പ്രതിദിനം ഒരു ലക്ഷം രൂപയായിരിക്കും. ബാങ്കുകള്‍ക്ക് അവരുടെ നയങ്ങള്‍ക്കനുസരിച്ച് ആന്തരിക പരിധികള്‍ നിശ്ചയിക്കാൻ കഴിയും എന്നാണ് നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.