വയനാട്ടില്‍ മുസ്ലിംലീഗ് വീട് നിര്‍മാണം തുടങ്ങി ; 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്ക് ഭവനം ഒരുങ്ങും

കല്‍പ്പറ്റ : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മുസ്‌ലിംലീഗ് നിര്‍മിച്ചുനല്‍കുന്ന 105 സ്‌നേഹ വീടുകളുടെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം. തൃക്കൈപറ്റ വെള്ളിത്തോട് പദ്ധതിപ്രദേശത്ത് നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.
എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെ ഇതുവരെ സമാശ്വാസവുമായി കൂടെനിന്ന മുസ്‌ലിം ലീഗ് ഇനിയുമുണ്ടാകുമെന്നും എട്ടുമാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി വീട് അതിജീവിതര്‍ക്ക് കൈമാറുമെന്ന് തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാ യോഗത്തില്‍ യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം സംസാരിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചു.
ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച മുസ്ലിം ലീഗിന്റെ അഞ്ചാംഘട്ട പുനരധിവാസ പദ്ധതിയായാണ് സ്നേഹവീടുകള്‍ ഒരുങ്ങുന്നത്. ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയാണ് വീട് നിര്‍മാണം. തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് ഭവന പദ്ധതി. പദ്ധതി പ്രദേശത്ത് നിന്ന് കല്‍പ്പറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും.
11 ഏക്കര്‍ ഭൂമിയില്‍ 1000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിക്കുക. വീണ്ടും 1000 സ്‌ക്വയര്‍ഫീറ്റ് കൂടി താങ്ങാന്‍ സാധിക്കുന്ന തറയാണ് ഒരുക്കുന്നത്. മൂന്ന് മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വീട്. ശുദ്ധജലും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
അതേസമയം, ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ഇതുസംബന്ധിച്ച് പങ്കുവച്ച കുറിപ്പ് വായിക്കാം: ”ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ജില്ലയുടെ ഹൃദയ ഭാഗമായ കല്‍പ്പറ്റയില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ഇന്നലെ ആദ്യസോണിലെ രണ്ടുവീട് കൂടി വാര്‍ത്തു. മാതൃകാ വിടടക്കം ആറുവീടിന് മേല്‍ക്കൂര പരിശോധന പൂര്‍ത്തിയാക്കി. ഇന്ന് ഏഴാമത്തെ വിടിന്റെ വാര്‍പ്പ് നടത്തും. 40 വീടിന് അടിത്തറയായി. 33 വീടിന് പില്ലറും ഉയര്‍ന്നു. അഞ്ച് സോണിലുമായി 252 വീടിന് നിലമൊരുക്കി. 175 എണ്ണത്തിന് അടിത്തറയൊരുക്കാന്‍ കുഴിയെടുത്ത് മണ്ണ് പരിശോധന പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക് ടറില്‍ 410 വീടുകളാണ് നിര്‍മിക്കുക. 7 സെന്റില്‍ ആയിരം ചതുരശ്രയടയിലാണ് വീട്.
ടൗണ്‍ഷിപ്പിന്റെ പ്രവൃത്തി കൂടുതല്‍ വേഗത്തിലാക്കാന്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ടൗണ്‍ഷിപ്പിനുള്ളില്‍ കൂടുതല്‍ ഷെല്‍ട്ടറുകളൊരുക്കി. 280 തൊഴിലാളികളുമായാണ് നിലവില്‍ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നത്. ഓണത്തിനുശേഷം തൊഴിലാളികളുടെ എണ്ണം 400 കടക്കും. തൊഴിലാളികളെ ടൗണ്‍ഷിപ്പിനുള്ളില്‍ താമസിപ്പിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും പകലും നിര്‍മാണം നടത്തും.
വീട് നിര്‍മാണത്തിനൊപ്പം റോഡ് നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പിലെ 110 ഫെയ്‌സ് സബ് സ്റ്റേഷന്‍ പ്രവര്‍ത്തിയും ആരംഭിംക്കുകയാണ്. ഓരോ സോണില പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് തൊഴിലാളികളെ വിന്യസിച്ചായിരിക്കും ഓണത്തിന് ശേഷമുള്ള പ്രവര്‍ത്തി. പ്രതികൂല കാലാവസ്ഥ തുടരുമ്ബോഴും പരമാവധി വേഗത്തില്‍ മുഴുവന്‍ സോണുകളിലും പ്രവൃത്തി നടത്തുന്നുണ്ട്.”