രാഹുല്‍ ദ്രാവിഡ് രാജസ്ഥാൻ റോയല്‍സ് പരിശീലകസ്ഥാനം ഒഴിഞ്ഞു : പുതിയ വാഗ്ദാനവും നിരസിച്ചു

ജയ്പുർ : രാജസ്ഥാൻ റോയല്‍സ് മുഖ്യ പരിശീലകസ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞു. ഐപിഎല്‍ 2026-ന് മുന്നോടിയായി രാജസ്ഥാൻ റോയല്‍സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദ്രാവിഡിന് കൂടുതല്‍ വിപുലമായ ഒരു പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നും രാജസ്ഥാൻ റോയല്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
‘വർഷങ്ങളായി റോയല്‍സിന്റെ യാത്രയില്‍ രാഹുല്‍ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വം ഒരു തലമുറയിലെ കളിക്കാരെ സ്വാധീനിക്കുകയും ടീമിനുള്ളില്‍ ശക്തമായ മൂല്യങ്ങള്‍ കെട്ടിപ്പടുക്കുകയും ഞങ്ങളുടെ സംസ്കാരത്തില്‍ മായ്ക്കാനാവാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഫ്രാഞ്ചൈസിക്ക് നല്‍കിയ സ്തുത്യർഹമായ സേവനത്തിന് രാജസ്ഥാൻ റോയല്‍സും കളിക്കാരും ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും രാഹുലിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു’, രാജസ്ഥാൻ റോയല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
രാഹുല്‍ രണ്ടാമത് രാജസ്ഥാൻ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് എത്തിയശേഷം കഴിഞ്ഞ സീസണില്‍ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎല്‍ 2025-ല്‍, കളിച്ച പത്ത് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് രാജസ്ഥാൻ റോയല്‍സ് വിജയിച്ചത്. ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഹുലിന്റെ പിൻമാറ്റം.
മൂന്ന് വർഷത്തെ ഇന്ത്യൻ ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദ്രാവിഡ് രാജസ്ഥാനിനൊപ്പം വീണ്ടും ചേരുന്നത്. 2012, 2013 ഐപിഎല്‍ സീസണുകളില്‍ രാജസ്ഥാനെ നയിച്ചിരുന്ന ദ്രാവിഡ് തുടർന്നുള്ള രണ്ട് സീസസുണകളില്‍ ടീമിന്റെ മെന്ററുടെ റോളിലെത്തിയിരുന്നു.