August 23, 2025

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി : അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

Share

 

കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ തിയതി സെപ്റ്റംബര്‍ ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗക്കാര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

 

ശരിയായ വിധത്തിലുള്ള ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിട്ടേഷന്‍, വൈദ്യൂതീകരണം ചെയ്യാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. വീടിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് 50,000 രൂപയാണ് ലഭിക്കുക. വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.

 

ബിപിഎല്‍ കുടുംബം, അപേക്ഷകയോ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാര്‍/വിവിധ ഏജന്‍സികളില്‍ നിന്നും 10 വര്‍ഷത്തിനകം ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

 

അപേക്ഷയോടൊപ്പം 2025-26 വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീത്, റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍, വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കുറവാണെന്ന് വില്ലേജ് ഓഫീസര്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍/ ബന്ധപ്പെട്ടവരില്‍ നിന്നുള്ള സാക്ഷ്യപത്രവും നല്‍കണം.

 

പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ്, വയനാട് വിലാസത്തില്‍ തപാലായോ നല്‍കണം. അപേക്ഷ ഫോം www.minoritywelfare.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 202251.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.