പൊതുപരിപാടിക്കിടെ കുഴഞ്ഞുവീണു ; പീരുമേട് എംഎല്‍എ വാഴൂര്‍ സോമൻ അന്തരിച്ചു

തിരുവനന്തപുരം : പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റവന്യൂ മന്ത്രി കെ രാജന്റെ വാഹനത്തിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
2021-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.
കോട്ടയം ജില്ലയിലെ വാഴൂർ ആണ് ജന്മദേശം. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി.
നാലു പതിറ്റാണ്ടിലേറെയായി പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രവർത്തിച്ചു. എംഎൻ സ്മാരകത്തില്‍ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.