സപ്ലൈകോയില്‍ വീണ്ടും ഹാപ്പി അവേഴ്‌സ് ; ഓണത്തിന് വൻ വിലക്കിഴിവ്, ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് 50% വരെ

സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് ദിവസവും രണ്ടുമണിക്കൂർ അധികവിലക്കിഴിവു നല്‍കുന്ന ‘ഹാപ്പി അവേഴ്സ്’ സപ്ലൈകോയില്‍ പുനഃസ്ഥാപിച്ചു. 28 വരെ ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ നാലുവരെ വാങ്ങുന്ന സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് 10 ശതമാനം അധിക വിലക്കിഴിവു ലഭിക്കും.
മെഡിക്കല്‍ സ്റ്റോർ, പെട്രോള്‍ പമ്ബ് ഒഴികെയുള്ള സപ്ലൈകോ ചില്ലറ വില്‍പ്പനശാലകളില്‍ ഹാപ്പി അവേഴ്സ് പ്രകാരം വിലക്കിഴിവുണ്ട്. ഓണക്കാലത്ത് വേറെയും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സബ്സിഡിയില്ലാത്ത, ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനംവരെ വിലക്കിഴിവുണ്ടാകും.
വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 ഇനം സബ്സിഡി സാധനങ്ങള്‍ക്കുള്ള വിലക്കിഴിവിനു പുറമേയാണിത്. 25 രൂപ നിരക്കില്‍ 20 കിലോ ഓണം സ്പെഷ്യല്‍ അരിയും ഇത്തവണയുണ്ടാകും. പൊതുവിപണിയിലെ അരിവില പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടാണിത്.
ഓണച്ചന്ത 26 മുതല്‍
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 26 മുതല്‍ സെപ്റ്റംബർ നാലുവരെ ഓണച്ചന്ത നടത്തും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഇതുണ്ടാകും. തിരഞ്ഞെടുത്ത സപ്ലൈകോ വില്‍പ്പനകേന്ദ്രങ്ങളില്‍ തന്നെയാകുമിത്. സംസ്ഥാനതല ഉദ്ഘാടനം 25-നു നടക്കും.
സപ്ലൈകോ ഇതാദ്യമായി അരിയും പഞ്ചസാരയുമടക്കം ആറ് ഇനങ്ങള്‍ക്കൂടി ശബരി ബ്രാൻഡില്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ പായ്ക്കറ്റില്‍ നല്‍കും. നിലവിലുള്ള 14 ശബരി ബ്രാൻഡ് ഉത്പന്നങ്ങള്‍ക്ക് പുറമേയാണിത്. ഇവ സബ്സിഡിരഹിത വിഭാഗത്തിലാണ്. സബ്സിഡി നിരക്കില്‍ അരി, പഞ്ചസാര എന്നിവ കാർഡുപയോഗിച്ച് വാങ്ങുകയും ചെയ്യാം. പുട്ടുപൊടി, അപ്പപ്പൊടി, കല്ലുപ്പ്, ഉപ്പുപൊടി എന്നിവയാണ് മറ്റ് നാലിനങ്ങള്‍.
19-ന് ഇവ വിപണിയിലെത്തും. പാലക്കാടൻ മട്ടയാണ് പായ്ക്കറ്റില്‍ നല്‍കുന്നത്. തൂത്തുക്കുടിയില്‍നിന്നാണ് ഉപ്പ്. പൊടിവക, പല ഏജൻസികള്‍ നല്‍കും. പായ്ക്കറ്റ് പഞ്ചസാരയ്ക്ക് 50 രൂപയാണ്. അരിവില 10 കിലോഗ്രാമിന് 500 രൂപയ്ക്കുള്ളിലാകും. അഞ്ച് കിലോ 250-നുള്ളിലും. പുട്ടുപൊടിയും അപ്പപ്പൊടിയും കിലോഗ്രാമിന് 44 രൂപ നിരക്കില്‍ വില്‍ക്കും. ഇത് പൊതുവിപണിയേക്കാള്‍ പാതിയോളം വിലക്കുറവിലാണ്.
സബ്സിഡി, സബ്സിഡിരഹിത വിഭാഗങ്ങളില്‍ ജനപ്രിയ ഇനങ്ങള്‍ വരുന്നതോടെ സപ്ലൈകോയുടെ വരുമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്താവിന് രണ്ട് വിഭാഗത്തില്‍നിന്നും ഈ സാധനങ്ങള്‍ വാങ്ങിയാല്‍ ഇരട്ടിലാഭവും നേടാം.
ഓഗസ്റ്റ് ഒന്നുമുതല്‍ കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോഗ്രാം അരി കൊടുത്തുതുടങ്ങിയത് സപ്ലൈകോ വില്‍പ്പനശാലകളെ സജീവമാക്കിയിരുന്നു. സബ്സിഡി വെളിച്ചെണ്ണയും വന്നതോടെ പ്രതിദിന വരുമാനം ശരാശരി 10 കോടി കവിഞ്ഞു. ഓഗസ്റ്റില്‍ ശരാശരി വരുമാനം 165 കോടിയില്‍നിന്ന് 250 കവിയുമെന്നാണ് പ്രതീക്ഷ.