July 27, 2025

സ്‌കൂള്‍ സമയമാറ്റം ഈ വര്‍ഷം മുതല്‍ ; സമസ്തയുടെ എതിര്‍പ്പ് തള്ളി

Share

 

തിരുവനന്തപുരം : സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍. ഈ വര്‍ഷം പുതുക്കിയ സമയക്രമം തുടരും.സംസ്ഥാനത്ത് നടപ്പാക്കിയ സ്‌കൂള്‍ സമയമാറ്റം ഈ അധ്യയനവര്‍ഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

 

ചിലര്‍ അഭിപ്രായവ്യത്യാസം അറിയിച്ചു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. രാവിലെ 10ന് തുടങ്ങുന്ന ക്ലാസുകള്‍ 9.45ന് ആരംഭിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും പരാതി അടുത്ത വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമസ്തയ്ക്ക് ഇതു സംബന്ധിച്ച്‌ ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

 

സിഎംഎസ്, കെപിഎസ്‌എംഎ, എയിഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍, മദ്രസാ ബോര്‍ഡ്, മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി, എല്‍എംഎസ്, എസ്‌എന്‍ ട്രസ്റ്റ് സ്‌കൂള്‍സ്, എസ്‌എന്‍ഡിപി യോഗം സ്‌കൂള്‍സ്, കേരള എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍, സമസ്ത ഇകെ വിഭാഗം, എപി വിഭാഗം, എന്‍എസ്‌എസ് എന്നീ സംഘടനകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.