ചൂരൽമല – മുണ്ടക്കൈ ഫണ്ട് തട്ടിപ്പ് : യൂത്ത് കോൺഗ്രസ് ദുരന്തബാധിതരോട് മാപ്പ് പറയണം – ഡിവൈഎഫ്ഐ

കൽപ്പറ്റ : ഉരുൾ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മുപ്പത് വീട് നൽകാമെന്ന വാഗ്ദാനവുമായി പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് ദുരന്തബാധിതരോടും പൊതുജനങ്ങളോടും മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ. വീട് നിർമാണത്തിലേക്ക് കടക്കാനോ കിട്ടിയ തുകയുടെ യഥാർഥ കണക്ക് പുറത്തുവിടാനോ യൂത്ത് കോൺഗ്രസ് തയ്യാറാകുന്നില്ല. ദുരന്തബാധിതരുടെ പേരിൽ സംഘടന വലിയ അഴിമതി നടത്തിയെന്ന് സ്വന്തം പ്രവർത്തർതന്നെ പരസ്യമാക്കുകയാണ്.
തട്ടിപ്പിനെചൊല്ലി മീങ്ങാടിയിൽ ചേർന്ന ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനുനേരെ കൈയേറ്റമുണ്ടായെന്ന തെളിവുകളടക്കം പുറത്തുവന്നു.
ആക്രി പെറുക്കിവിറ്റ് ഉൾപ്പെടെ ഡിവൈഎഫ്‌ഐ സമാഹരിച്ച തുകയിൽ നിന്നും നൂറു വീടുകളാണ് നൽകിയത്. രക്ഷപ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന വയനാട് ജില്ലാ കമ്മിറ്റി മാത്രം 61.9 ലക്ഷം രൂപ ദിവസങ്ങൾക്കുള്ളിൽ വീട് നിർമാണത്തിന് കൈമാറി. പൊതു പ്രവർത്തകൾക്കാകെ അപമാനമാവുകയാണ് യൂത്ത് കോൺഗ്രസെന്നും അഴിമതിയിൽ മുങ്ങി വീണ്ടും ദുരന്തബാധിതരുടെ പേരിൽ പണം പിരിക്കാനിറങ്ങുന്നത് അപഹാസ്യമാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.