July 2, 2025

കേരളത്തില്‍ തീവ്ര മഴയ്ക്ക് ശമനം; ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല

Share

 

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് ശമനം. ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടുത്തത്തിന് വിലക്കില്ല. വ്യാഴാഴ്ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയോ വേഗതയില്‍ കാറ്റിന് സാധ്യത. തെക്കൻ തമിഴ്നാട് തീരം ഗള്‍ഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 – 55 കിലോമീറ്റർ വരെയും ചില സമയങ്ങളില്‍ 65 കിലോമീറ്റർ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

 

അതേ സമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ 10 ജില്ലകളിലും ഉത്തരാഖണ്ഡില്‍ 7 ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

 

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ തൊഴിലാളികളില്‍ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഏഴ് പേർക്കായി തെരച്ചില്‍ തുടരുകയാണ്. ഒഡിഷയില്‍ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അടുത്ത രണ്ട് ദിവസം കൂടി ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.