മുത്തങ്ങയിൽ രേഖകളില്ലാത്ത 17.5 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ

ബത്തേരി : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 17.5 ലക്ഷം രൂപ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
പച്ചക്കറി കയറ്റി വന്ന KL 76 E 8836 രജിസ്റ്റർ നമ്പർ അശോക് ലേലാൻഡ്-ദോസ്ത് വാഹനത്തിൽ നിന്നാണ് വൻ തുക കണ്ടെടുത്തത്. മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അബ്ദുൾ ഷുക്കൂർ (65), മുനീർ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പിടികൂടിയ വാഹനവും പണവും പ്രതികളെയും തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് സി.കെ., ചാൾസ്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി., ശിവൻ ഇ.ബി. എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.