May 14, 2025

പാമ്പുകടിച്ചും കടന്നല്‍ക്കുത്തേറ്റും മരിച്ചാല്‍ 4 ലക്ഷം ; വന്യജീവി ആക്രമണത്തില്‍ വീടുതകര്‍ന്നാലും നഷ്ടപരിഹാരം : മാനദണ്ഡം പുതുക്കി

Share

 

തിരുവനന്തപുരം : പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തില്‍നിന്ന് നാലുലക്ഷമാക്കി. വനത്തിനുള്ളിലോ പുറത്തോ എന്നത് പരിഗണിക്കാതെയാണ് സഹായധനം നല്‍കുക. ദുരന്തപ്രതികരണ നിധിയില്‍നിന്ന് പണം അനുവദിക്കും.

 

അതേസമയം വന്യജീവി ആക്രമണംമൂലം ജീവൻ നഷ്ടമാകുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. നേരത്തേ നല്‍കിയിരുന്ന 10 ലക്ഷം തുടരും. അതില്‍ നാലുലക്ഷം ദുരന്തപ്രതികരണനിധിയില്‍നിന്നും ആറുലക്ഷം വനംവകുപ്പില്‍നിന്നുമാകും അനുവദിക്കുക.

 

വന്യജീവി സംഘർഷംമൂലം മരിച്ചവരുടെ അന്ത്യകർമങ്ങള്‍ക്കായി 10,000 രൂപ എക്സ്ഗ്രേഷ്യ ദുരന്തപ്രതികരണനിധിയില്‍നിന്നനുവദിക്കും. പരിക്കേറ്റവർക്കുള്ള ചികിത്സ, നഷ്ടപ്പെടുന്ന ഗൃഹോപകരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, കാർഷികവിളകള്‍, വളർത്തുമൃഗങ്ങള്‍ എന്നിവയും സഹായധന പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. തിരച്ചില്‍, രക്ഷാപ്രവർത്തനം, ദുരന്തസാധ്യതയുള്ളവരെ ഒഴിപ്പിക്കല്‍ എന്നിവയുടെ യഥാർഥ ചെലവ് ദുരന്തപ്രതികരണനിധിയില്‍നിന്ന് നല്‍കും.

 

വന്യജീവി ആക്രമണത്തില്‍ വളർത്തുമൃഗങ്ങള്‍ ചത്താലും നഷ്ടപരിഹാരം കിട്ടും. അതിന്റെ വിവരങ്ങള്‍ ഇങ്ങനെ; എരുമ, പശു – 37,500 മുതല്‍ 1,12,500 രൂപവരെ. ആട്, പന്നി – 4000 മുതല്‍ 1,20,000 രൂപവരെ. കോഴി, താറാവ് – ഒന്നിന് 100 രൂപ. കാലിത്തൊഴുത്ത് നഷ്ടമായാല്‍ – 3000 മുതല്‍ 1,00,000 രൂപവരെ.

 

മറ്റുനഷ്ടപരിഹാരം ഇങ്ങനെ

 

40 ശതമാനംമുതല്‍ 60 ശതമാനം വരെയുള്ള അംഗവൈകല്യം (ഒരു കൈ, കാല്‍, കണ്ണ്, കണ്ണുകള്‍ നഷ്ടപ്പെടുന്നതിന്) – രണ്ടുലക്ഷം (74,000 ദുരന്തപ്രതികരണ നിധി. 1,26,000 വനംവകുപ്പ്). അംഗവൈകല്യത്തിന്റെ വ്യാപ്തി നിർണയിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ്. ആക്രമണം വനത്തിനുള്ളിലാണോ പുറത്താണോ എന്നത് കണക്കിലെടുക്കാതെ സഹായധനം.

60 ശതമാനത്തിലധികം അംഗവൈകല്യം-2,50,000 (ദുരന്തപ്രതികരണനിധിയില്‍നിന്ന്)

ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം വേണ്ടിവരുന്ന പരിക്ക് : പരമാവധി ഒരുലക്ഷം (16000 ദുരന്തപ്രതികരണ നിധി/ വനംവകുപ്പ് 84,000)

ഒരാഴ്ചയില്‍ കുറഞ്ഞ ആശുപത്രിവാസം വേണ്ടിവരുന്ന പരിക്ക്: 5400 മുതല്‍ ഒരുലക്ഷംവരെ (5400 ദുരന്തപ്രതികരണനിധി, വനംവകുപ്പ് 94600)

പരിക്കേല്‍ക്കുന്നവർ (പട്ടികവർഗക്കാർ ഒഴികെ) ആയുഷ്മാൻ ഭാരത് പ്രകാരം സൗജന്യ ചികിത്സയ്ക്ക് അർഹരാണെങ്കില്‍ അവർക്ക് ഈ സഹായം ലഭിക്കില്ല. പട്ടികവർഗക്കാർക്ക് മെഡിക്കല്‍ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മുഴുവൻ ചികിത്സച്ചെലവും നല്‍കും.

വീട് തകർന്നാല്‍ നഷ്ടപരിഹാരം വേറെ നല്‍കും.

വീടുതകർന്ന് വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടാല്‍ -2500 (ദുരന്തപ്രതികരണ നിധി). നഷ്ടപരിഹാരം ഒരു കുടുംബത്തിന്.

വീടുകള്‍ തകർന്ന് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ -2500 (ദുരന്തപ്രതികരണ നിധി) നഷ്ടപരിഹാരം ഒരു കുടുംബത്തിന്. ഉപജീവനമാർഗത്തെ സാരമായി ബാധിച്ചാല്‍ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള വേതനം. അല്ലെങ്കില്‍ സാധനങ്ങള്‍. (വീടിന് വെളിയിലിറങ്ങരുതെന്ന മുന്നറിയിപ്പുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവർക്ക് സഹായം ദുരന്തപ്രതികരണനിധിയില്‍നിന്ന്)

 

മഴയെ ആശ്രയിച്ചുള്ള കാർഷികവിളകളോ തോട്ടവിളകളോ വന്യജീവിആക്രമണത്തില്‍ നശിച്ചാല്‍ ഹെക്ടറിന് 8500 രൂപ നിരക്കില്‍ പരമാവധി ഒരുലക്ഷം രൂപവരെ നല്‍കും. ദുരന്തപ്രതികരണനിധിയില്‍നിന്നും വനം വകുപ്പില്‍നിന്നുമാണ് ഈ തുക അനുവദിക്കുക. കൃഷിവകുപ്പാകും നഷ്ടം കണക്കാക്കുക. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കും പരമാവധി ഒരുലക്ഷംരൂപ അനുവദിക്കും.

 

പാലുത്പാദനമുള്ള എരുമ, പശു എന്നിവ നഷ്ടമായാല്‍ മൃഗസംരക്ഷണവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 37,500 മുതല്‍ 1,12,500 രൂപവരെയാണ് ഒരു മൃഗത്തിന് അനുവദിക്കുക. ആട്, പന്നി എന്നിവ നഷ്ടമായാല്‍ ഇത് 4000 രൂപമുതല്‍ 1,20, 000 വരെയാകും സഹായം. കോഴി, താറാവ് എന്നിവയ്ക്ക് ഒന്നിന് നൂറുരൂപ. കുടിലുകള്‍ നഷ്ടമായാല്‍ 8000 രൂപയും കാലിത്തൊഴുത്ത് നഷ്ടമായാല്‍ 3000 മുതല്‍ ഒരുലക്ഷം വരെയുമാകും സഹായം.

 

ക്ഷുദ്രജീവികളായി വിജ്ഞാപനംചെയ്ത വന്യജീവികളെ കൊന്ന് കുഴിച്ചുമൂടുന്നതിന് ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന് ഒരു സാമ്ബത്തികവർഷം പരമാവധി ഒരുലക്ഷം രൂപ അനുവദിക്കും. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഏർപ്പെടുമ്ബോള്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയായി ജീവൻ നഷ്ടമാകുന്നവർക്കും ധനസഹായത്തിന് അർഹതയുണ്ട്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.