ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടാനയാക്രമണം : വനംവകുപ്പിനെതിരെ പ്രതിഷേധം

മേപ്പാടി : വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖൻ(67) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
വ്യാഴാഴ്ച രാത്രി മേപ്പാടി ടൗണില്‍ നിന്ന് അരിയും സാധനങ്ങളുമായി ഉന്നതിയിലേക്ക് വരുന്നതിനിടെയാണ് കാട്ടാന അറുമുഖനെ ആക്രമിച്ചത്. പൂളക്കുന്ന് ഉന്നതിയിലാണ് അറുമുഖൻ താമസിക്കുന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടത്.
ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തങ്ങള്‍ എങ്ങനെ ഇവിടെ ജീവിക്കുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. പൊലീസുകാരെ എട്ട് മണിക്ക് വിളിച്ചിട്ട് 9 കഴിഞ്ഞു എത്തിയപ്പോഴെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന ആക്രമണം നിരന്തരം വര്‍ധിച്ചുവരികയാണെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്ന് വൈകിട്ടോടുകൂടി ആന ചീറുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. വന മേഖലയില്‍ നിന്ന് തോട്ടത്തിലൂടെ ഇറങ്ങിവന്ന് അറുമുഖനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാർ തടഞ്ഞു. ധനസഹായം എന്നതിനപ്പുറത്തേക്ക് കൃത്യമായ പരിഹാരം വിഷയത്തില്‍ ഉണ്ടാകണമെന്ന് ഡിഎഫ്‌ഒയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണിത്.