April 23, 2025

പഹല്‍ഗാം ഭീകരാക്രമണം ; മൂന്ന് അക്രമികളുടെ രേഖാചിത്രം പുറത്തുവിട്ടു

Share

 

ഡല്‍ഹി : പഹല്‍ഗാമില്‍ 28 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന മൂന്ന് തീവ്രവാദികളുടെ പേരുകളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ഇവരെന്ന് അന്വേഷ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

 

 

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ വിശദമായ ദൃക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. ഈ മൂന്ന് തീവ്രവാദികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്നാണ് വിവരം. ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പലരേയും വേര്‍തിരിച്ച്‌ കൊണ്ടുവന്ന് രേഖാചിത്രങ്ങള്‍ പരിശോധിക്കുകയും ചെയ്തു. മൂന്ന് പേരാണ് നേരിട്ട് ആക്രമണം നടത്തിയത്.

 

മറ്റുള്ളവര്‍ അല്‍പം മാറി നിന്ന് മൂന്ന് പേര്‍ക്കും സംരക്ഷണമൊരുക്കുകയും ചെയ്തു എന്നാണ് വിവരം. അതേസമയം ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി ജമ്മു കശ്മീരിലുടനീളം കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. അതേസമയം വിനോദസഞ്ചാരികളുടെ ഒരു സംഘത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരരില്‍ ഒരാള്‍ എകെ-47 കൈവശം വെച്ചിരിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു.

 

 

ഇന്ത്യാ ടുഡേയാണ് ഈ ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നത്. ചാരനിറത്തിലുള്ള കുര്‍ത്ത പൈജാമ ധരിച്ച അക്രമി കൈയില്‍ എകെ-47 കൈവശം വെച്ചിരിക്കുന്നതായി വ്യക്തമാണ്. അതേസമയം അക്രമിയുടെ പിന്നില്‍ നിന്നുള്ള ചിത്രമാണ് പുറത്ത് വന്നത് എന്നതിനാല്‍ മുഖം വ്യക്തമല്ല. ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്.

 

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര റദ്ദാക്കി ബുധനാഴ്ച രാവിലെ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തി.

 

 

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി, അക്രമികളെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലും ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അക്രമത്തെ അപലപിച്ചു. അതിര്‍ത്തി സുരക്ഷ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ അവകാശവാദങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു.

 

അതേസമയം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരും അക്രമത്തെ അപലപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോകനേതാക്കളും ഭീകരാക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.