കുട്ടികള്‍ ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റ് സുരക്ഷിതമോ ?; പുതിയ പഠനത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

പാല്‍പ്പല്ല് മുളച്ച് വരുമ്ബോള്‍ മുതല്‍ കുഞ്ഞുങ്ങളുടെ പല്ലുകളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധ ചെലുത്താറുണ്ട്.എന്നാല്‍, കുട്ടികളുടെ ദന്താരോഗ്യത്തിന്റെ കാര്യത്തില്‍ മാതാപിതാക്കളെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ദ ഗാർഡിയൻ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രമുഖ ബ്രാൻഡുകളുടെ ടൂത്ത് പേസ്റ്റിലെല്ലാം ലെഡ്, കാഡ്മിയം, ആർസെനിക്, മെർക്കുറി തുടങ്ങിയ വിഷാംശമുള്ള ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന ‘ലെഡ് സേഫ് മാമ’യുടെ കണ്ടെത്തലാണ് ദ ഗാർഡിയൻ പുറത്തുവിട്ടിരിക്കുന്നത്. 51 ബ്രാൻഡുകളിലായി നടത്തിയ പഠനത്തില്‍ 90 ശതമാനം ടൂത്ത് പേസ്റ്റുകളിലും ലെഡിന്റെ അംശം കണ്ടെത്തി എന്നതും ആശങ്കാജനകമാണ്.
പഴയ പെയിന്റ്, മലിനമായ മണ്ണ്, ചില കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന വിഷാംശമുള്ള ഒരു ലോഹമാണ് ലെഡ്. കൂടാതെ, കാഡ്മിയം, ആർസെനിക്, മെർക്കുറി എന്നീ ലോഹങ്ങള്‍ അർബുദത്തിന് കാരണമായേക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ലെഡിന്റെ കാര്യത്തില്‍ സുരക്ഷിതം എന്ന് കരുതാനാകുന്ന അളവേയില്ല. ചെറിയ അളവില്‍ പോലും ഇത് ഹാനികരമാണ്. കാലക്രമേണ ശരീരത്തില്‍ അടിഞ്ഞുകൂടാൻ സാധ്യതയുള്ള ലെഡ് എല്ലുകളേയും പല്ലിനേയും ബാധിക്കുന്നു. കൂടാതെ, തലച്ചോർ, വൃക്കകള്‍, കരള്‍ എന്നിവയേയും ഇത് ബാധിച്ചേക്കാം.
മിക്ക പ്രായക്കാരെ സംബന്ധിച്ചും ലെഡ് ഹാനികരമാണെങ്കിലും കുട്ടികളെയാണ് ഇത് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ളത്. ശരീരത്തിലേക്ക് ലെഡ് എത്തുന്നത് കുട്ടികളില്‍ പഠനവൈകല്യം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. കുറഞ്ഞ ഐക്യു, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിവയും കുട്ടികളില്‍ കാണപ്പെട്ടേക്കാം. കൂടാതെ, കേള്‍വിക്കും സംസാരത്തിനും പ്രശ്നങ്ങള്‍ സംഭവിച്ചേക്കാമെന്നത് മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. ഇവയ്ക്ക് പുറമെ, തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും കേടുപാടുകള്‍ സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.