വരദൂറിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

പനമരം : മീനങ്ങാടി – പച്ചിലക്കാട് റോഡിൽ വീണ്ടും വാഹനാപകടം. വരദൂർ വലിയപാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. പാലക്കാട് പറമ്പിക്കുളം സ്വദേശിനി സന്ധ്യ (20) ആണ് മരിച്ചത്. സഹയാത്രികനായ ദാസനക്കര പാക്കം സ്വദേശി അഞ്ചലിന് ഗുരുതര പരിക്കേറ്റു. അഞ്ചലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പാക്കത്തെ ക്രിസ്റ്റൽ കുറുവ എന്ന റിസോർട്ടിലെ ജീവനക്കാരാണ്.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. മീനങ്ങാടി ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിൽ വരദൂർ പാലത്തിന് സമീപത്ത് നിന്നും തിരിഞ്ഞ കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സന്ധ്യയെ ഉടൻ കമ്പളക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിത്രം : വരദൂർ വലിയപാലത്തിന് സമീപം അപകടത്തിൽപ്പെട്ട കാറും ബൈക്കും.